സണ്ണി ഡിയോളിനെയും അമീഷ പട്ടേലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനില്‍ ശര്‍മ സംവിധാനം ചെയ്ത ‘ഗദര്‍ 2’ ഒ.ടി.ടി റിലീസ് ചെയ്യാനൊരുങ്ങുന്നു. സീ 5 ല്‍ നാളെ മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ആഗസ്റ്റ് 11 ന് റിലീസ് ചെയ്ത ഗദര്‍ 2 വലിയ കളക്ഷന്‍ റെക്കോര്‍ഡുകളാണ് സൃഷ്ടിച്ചത്. ഇതുവരെ 690 കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യഭാഗമായ ‘ഗദര്‍ എക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഗദര്‍ 2. 2001 ലാണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ടാം ഭാഗം സീ 5 തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉത്കര്‍ഷ് ശര്‍മ, ഗൗരവ് ചോപ്ര, സിമ്രാത്ത് കൗര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 60 കോടിയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളെ കീഴടക്കി ഷാരൂഖ്-അറ്റ്ലി ചിത്രം ജവാന്‍ എത്തിയെങ്കിലും, ഗദര്‍ 2 നേട്ടമുണ്ടാക്കുക തന്നെ ചെയ്തു. 1947ല്‍ ഇന്ത്യ-പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ല്‍ ഇറങ്ങിയ ഗദര്‍. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണിത്. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്റെ കഥ.