ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന വിജയ് നായകനാകുന്ന ദളപതി 68ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതില്‍ വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. യൂണിഫോമില്‍ നില്ക്കുന്ന രണ്ട് വിജയ്യുടെയും ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. മുകളില്‍ ഒരു യുദ്ധവിമാനത്തിനൊപ്പം പിന്നില്‍ ഒരു പാരച്യൂട്ട് കിടക്കുന്നതും കാണാം. ‘വെളിച്ചത്തിന് ഇരുട്ടിനെ വിഴുങ്ങാന്‍ കഴിയും, എന്നാല്‍ ഇരുട്ടിന് വെളിച്ചത്തെ ദഹിപ്പിക്കാന്‍ കഴിയില്ല’ എന്ന ടാഗ്ലൈനും പോസ്റ്ററിനുണ്ട്. വെങ്കട്ട് പ്രഭുവാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം സംവിധാനം ചെയ്യുന്നത്. വെങ്കട്ട് പ്രഭുവും ദളപതി വിജയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മൈക്ക് മോഹന്‍, പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, യോഗി ബാബു തുടങ്ങിയ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ടൈം ട്രാവല്‍ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണ് ഇതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഈ വര്‍ഷം ആദ്യം, സെപ്റ്റംബറില്‍, സിനിമയ്ക്കായി തന്റെ ശരീരത്തിന്റെ 3ഡി സ്കാന്‍ എടുക്കാന്‍ താരം ലോസ് ഏഞ്ചല്‍സിലേക്ക് പോയി. യുവന് ശങ്കര്‍ രാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നുനി ആണ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.