അസം മേഘാലയ അതിർത്തിയിലെ മുക്രോയിൽ വെടിവെയ്പ്പ്. വനം വകുപ്പുദ്യോഗസ്ഥനുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് മേഖലയിൽ നിന്നുള്ള വിവരം. മുറിച്ച മരവുമായി അസം വനം വകുപ്പ് ഒരു ട്രക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടും നിർത്താതെ മുന്നോട്ട് പോയി. ഈ സമയത്ത് വാഹനത്തിന്റെ ടയറിന് ഉദ്യോഗസ്ഥർ വെടിവെച്ചു. തുടർന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.തുടർന്ന് വലിയൊരാൾക്കൂട്ടം സ്ഥലത്തെത്തി പിടികൂടിയവരെ വിട്ടയക്കാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് വനം വകുപ്പും ആൾക്കൂട്ടവുമായി സംഘർഷം ഉണ്ടായി. ഇതാണ് നാല് പേരുടെ മരണത്തിൽ കലാശിച്ചത്.