നാടന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവയാണ് പെരുംജീരകം. രുചിയും മണവും മാത്രമല്ല, പെരുംജീരകത്തിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണത്തിന് ശേഷം അല്‍പം ജീരകം വായിലിട്ടു ചവയ്ക്കുന്നത് ഉമിനീര്‍ ഉല്‍പാദനം കൂട്ടുകയും ദഹന എന്‍സൈമുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്സിഡന്റുകള്‍ ജീരകത്തിലുണ്ട്. വായ്നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും ജീരകത്തിലുണ്ട്.