ആത്മഹത്യ ചെയ്ത തൃശൂർ പാവറട്ടി സ്വദേശിയായ യുവതിയുടെ മക്കളെ മൃതദേഹം കാണിക്കാതെ ഭർതൃ വീട്ടുകാർ.
അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോലും മക്കളെ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ലെന്നാണ് പരാതി. പാവറട്ടി സ്വദേശി ആശയുടെ അന്ത്യകർമ്മങ്ങൾ ഇതേ തുടർന്ന് വൈകി. വ്യാഴാഴ്ച നാട്ടികയിലെ ഭർത്താവ് സന്തോഷിന്റെ വീട്ടിൽ വെച്ച് കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആശ വെള്ളിയാഴ്ച ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് പാവറട്ടിയിലെ ആശയുടെ വീട്ടിലാണ് സംസ്കാരം നിശ്ചയിച്ചത്. എന്നാൽ മക്കളെ കൊണ്ടുവരാത്തതിനാൽ സംസ്കാരം വൈകുകയാണ്.
ആശയും സന്തോഷും വിവാഹിതരായിട്ട് 12 വർഷം കഴിഞ്ഞു. സന്തോഷ് ഗൾഫിലായിരുന്നു. ഇവർക്ക് പത്തും നാലും വയസ് പ്രായമുള്ള രണ്ട് ആൺമക്കളാണ് ഉള്ളത്. ആശ വന്നുകയറിയ ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. പ്രവാസിയായ സന്തോഷ് മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്.
ആശയെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ സന്തോഷ് സന്ദർശിച്ചിരുന്നു. പിന്നീട് ഇയാൾ മൃതദേഹം കാണാനോ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വീകരിക്കാനോ തയ്യാറായില്ല. നാട്ടികയിൽ മൃതദേഹം സംസ്കരിക്കണം എന്നായിരുന്നു ആശയുടെ കുടുംബത്തിന്റെ ആവശ്യം. ഇതിന് സന്തോഷിന്റെ കുടുംബം തയ്യാറായില്ല. തുടർന്നാണ് പാവറട്ടിയിൽ സംസ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ
കേണപേക്ഷിച്ചിട്ടും
കുട്ടികളെ വിട്ടുനൽകാൻ സന്തോഷും കുടുംബവും തയ്യാറാവുന്നില്ല.
കുട്ടികളെ മരണാനന്തര ചടങ്ങിന് എത്തിക്കാൻ ശ്രമം തുടരുന്നുണ്ട്. ഇതിനായി പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ആശയുടെ ബന്ധുക്കളും അടങ്ങിയ സംഘം നാട്ടികയിലേക്ക് പോയിട്ടുണ്ട്.