ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂണിയന്‍. ഐ.ടി രംഗത്തെ പ്രമുഖ ഇന്ത്യന്‍ കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവയും ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ആഗോള ഐ.ടി ഭീമന്മാരും ഉള്‍പ്പെടെ നൂറിലധികം ടെക് കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്റെ എ.ഐ നിയമങ്ങള്‍ പാലിക്കുന്നതിനുളള ചട്ടക്കൂടില്‍ ഒപ്പുവെക്കുന്നതിന് തയാറെടുക്കുകയാണ്. 2027 ഓഗസ്റ്റില്‍ മേഖലയില്‍ എ.ഐ നിയമങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനുളള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഐ.ടി മേഖലയിലെ പ്രധാന കമ്പനികളെല്ലാം ഈ ചട്ടക്കൂടില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. എ.ഐ പാക്ടില്‍ ഒപ്പുവെച്ച കമ്പനികളുടെ പട്ടികയില്‍ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും ആപ്പിളും ഇല്ല. അതേസമയം, ഉടമ്പടിയില്‍ ചാറ്റ് ജി.പി.ടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എ.ഐ ഒപ്പുവെച്ചിട്ടുണ്ട്.