കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പദവിക്ക് ചേരാത്ത വിധം പ്രവർത്തിക്കുന്നു എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുകയാണ് ഗവർണ്ണർ. രാജ്ഭവനെ അദ്ദേഹം സംഘപരിവാര്‍ ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി. ആർഎസ്എസ് സേവകനെ പോലെ തരം താഴുകയാണ് ഗവർണ്ണർ എന്നും ഇ പി ജയരാജൻ പറഞ്ഞു. കണ്ണൂർ വി സി യ്ക്ക് എൽ ഡി എഫിന്റെ പൂർണ്ണ പിന്തുണയും ഉണ്ടെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു.
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം മറ്റന്നാള്‍ മുതൽ തുടങ്ങും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് സൗജന്യ ഓണക്കിറ്റ്.ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും നാളെ വൈകുന്നേരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിർവ്വഹിക്കും.
കോൺഗ്രസിന്റെ മുതിർന്ന നേതാവ് ആനന്ദ് ശർമ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ആനന്ദ് ശർമ രാജിക്കത്ത് നൽകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളിൽ ഒന്നും തന്നെ ക്ഷണിക്കുന്നില്ലെന്ന് വിമർശിച്ചാണ് രാജി. അഭിമാനം പണയം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുലാം നബി ആസാദ് ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ആനന്ദ് ശർമയും രാജി പ്രഖ്യാപിച്ചത്
ഗവർണർക്ക് രാഷ്ട്രീയമാകാം, പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ് . ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്ന ഗവര്‍ണറുടെ ആരോപണം തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് വിദഗ്‍ധരുടെ ജോലി ഗൂഢാലോചനയല്ല. ദില്ലി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവർണർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇർഫാൻ ഹബീബ് ചോദിച്ചു. ഗവർണർ പരിധി ലംഘിക്കുകയാണെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.
നിയമ നിര്‍മ്മാണത്തിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ എകെജി സെൻ്ററിൽ സിപിഐ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നിയമമന്ത്രി പി.രാജീവും ചര്‍ച്ചയിൽ പങ്കെടുത്തു.. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
വിഴിഞ്ഞത്ത് നാളെ തുറമുഖം ഉപരോധിക്കാനാണ് സമര സമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽ മാർഗം നാളെ തുറമുഖം വളയുക. ചെറിയതുറ, സെന്റ്സേവ്യഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. ഇതിനിടെ, സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതിനാളെ യോഗം ചേരും.