ചുവപ്പും പച്ചയും ഉടുപ്പിട്ട കുഞ്ഞുബദാങ്കകളുടെ ഉള്ളുപോലെ അത്ഭുതവും ആഹ്‌ളാദവും അകക്കാമ്പില്‍ ചേരുന്ന ഓര്‍ക്കുന്തോറും സ്വാദ് ഇരട്ടിയാക്കുന്ന ബാല്യകാലത്തിന്റെ പുസ്തകമാണിത്. പള്ളിക്കൂടത്തിനുമാത്രം സമ്മാനിക്കുവാനാകുന്ന തീരെ ചെറിയ എന്നാലൊരല്പം വലിയ സന്തോഷങ്ങളുടെ പകര്‍ത്തിയെഴുത്ത്. സ്ലേറ്റും കല്ലുപെന്‍സിലുമായി ആദ്യദിനം സ്‌കൂളിലെത്തിയ മണിക്കുട്ടി അവിടെ ആദ്യാക്ഷരം ചൊല്ലിപ്പഠിപ്പിക്കുന്ന അധ്യാപികയായി മാറുന്നു. കാലങ്ങളിലൂടെ ഒരു സൗഹൃദവും ഒരുമിച്ചു പഠിച്ചും പരസ്പരം സ്‌നേഹിച്ചും വളരുന്നു. അഞ്ചു കൂട്ടുകാര്‍ക്കിടയില്‍ ഒരിക്കലും മുറിയാത്ത സ്വര്‍ണനൂല്‍പോലെ കരുതല്‍ തിളങ്ങുന്നു. നാലുമണിപ്പൂക്കളുടെ നറുചിരിയും വട്ടച്ചേങ്ങിലയുടെ ബെല്ലടിയും ചോരക്കുടുക്കന്‍ പെന്‍സിലിന്റെ കുത്തിവരയും ഉപ്പുമാവിന്റെ കൊതിമണവുമൊക്കെ ഈ നടുമുറ്റത്തും ക്ലാസ്മുറിയിലുമായി കൂട്ടുകാര്‍ക്ക് കാണാം, കേള്‍ക്കാം. ‘എന്റെ ബദാങ്കകള്‍’. കെ.ലളിത. എച്ആന്‍ഡ്‌സി ബുക്‌സ്. വില 57 രൂപ.