ഷോട്ഗണ്‍ 650 മോട്ടോവേഴ്‌സ് എഡിഷന്‍ എന്ന നിയോ റെട്രോ മോട്ടര്‍സൈക്കിള്‍ അവതരിപ്പിച്ച് റോയല്‍എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ്‌മോട്ടോവേഴ്‌സില്‍ വച്ചാണ് പുതിയ ഹിമാലയനേയും ഷോട്ഗണ്‍ 650 മോട്ടോവേഴ്‌സ് എഡിഷനേയും കമ്പനി അവതരിപ്പിച്ചത്. ഷോട്ഗണ്‍ 650 മോട്ടോവേഴ്‌സ് എഡിഷന്‍ എന്ന കസ്റ്റം ഇന്‍സ്പയേര്‍ഡ് റോഡ്സ്റ്റര്‍ എന്നാണ് എന്‍ഫീല്‍ഡ് വിശേഷിപ്പിക്കുന്നത്. ലോകത്ത് 25 എണ്ണം മാത്രം നിര്‍മിക്കുന്ന ഷോട്ഗണ്‍ 650 മോട്ടോവേഴ്‌സ് എഡിഷന്‍ ബുക്കിംഗ് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 4.25 ലക്ഷം രൂപയാണ് വില. ബുക്ക് ചെയ്തവര്‍ക്ക് ജനുവരിയില്‍ വാഹനം കൈമാറും. 2018 ല്‍ ആദ്യമായി ഇറങ്ങിയ 650 ട്വിന്‍ മോട്ടര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് പുതിയ ബൈക്കിന്റെ വരവ്. ഇന്റഗ്രേറ്റഡ് എബിഎസ് ഉള്ള വീല്‍, മുന്നിലും പിന്നുലും ഡിസ്‌ക് ബ്രേക്കുകള്‍, തലതിരിഞ്ഞു നില്‍ക്കുന്ന മുന്‍ ഫോര്‍ക്ക് രൂപകല്‍പന, ട്വിന്‍ റിയര്‍ ഷോക്ക്‌സ്, ലെതര്‍ സോളോ സീറ്റ് എന്നിവ ഷോട്ഗണ്ണിലുണ്ട്. ഇന്റര്‍സെപ്റ്ററിലും കോണ്ടിനെന്റല്‍ ജിടിയിലും മീറ്റോയോറിലും ഉപയോഗിക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിന്‍ തന്നെയാണ് കണ്‍സെപ്റ്റിലും. 47 എച്ച്പി കരുത്തുള്ള എന്‍ജിന് 52 എന്‍എം ടോര്‍ക്കുമുണ്ട്. അടുത്ത വര്‍ഷം ആദ്യം പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.