തലമുറകളെ എഴുത്തിന്റെ മാന്ത്രികതയില്‍ കുരുക്കിയിട്ട വിഖ്യാത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ഒടുവില്‍ സ്‌ക്രീനില്‍ എത്തി. ലോകമെങ്ങുമുള്ള വായനക്കാര്‍ കൊണ്ടാടിയ ലോകസാഹിത്യത്തിലെ വിഖ്യാത രചനയാണ് വെബ് സീരിസായി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. സ്പാനിഷ് ഭാഷയില്‍ നിര്‍മ്മിക്കുന്ന വെബ് സീരീസ് മാര്‍കേസിന്റെ ജന്‍മദേശമായ കൊളംബിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മാര്‍കേസിന്റെ മക്കളായ റോഡ്രിഗോ ഗാര്‍സ്യ, ഗോണ്‍സാലോ ഗാര്‍സ്യ എന്നിവരാണ് വെബ് സീരീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ലോറാ മോറ, അലക്സ് ഗാര്‍സിയ ലോപ്പസ് എന്നിവര്‍ ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. 1967ലാണ് മാര്‍കേസിന്റെ മാസ്റ്റര്‍ പീസായി കണക്കാക്കപ്പെടുന്ന ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ആദ്യം പ്രസിദ്ധീകരിച്ചത്. ‘ലാറ്റിനമേരിക്കയുടെ ഉല്‍പ്പത്തിപ്പുസ്തകം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നോവലിന്റെ അഞ്ചുകോടിയിലേറെ പ്രതികളാണ് നാല്‍പ്പത്തിയാറ് ഭാഷകളിലായി ലോകമെമ്പാടും വിറ്റുപോയത്.