ഫോണിലെ ബ്ലൂടൂത്ത് എല്ലായ്പ്പോഴും ഓണ്‍ ചെയ്തുവെക്കുന്നത് നല്ല ഏര്‍പ്പാടല്ലെന്നാണ് യൂറെകോം സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് ബ്ലൂടൂത്തില്‍ പുതിയ ചില സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയത്. 2014 അവസാനം മുതല്‍ ഇന്നുവരെ ഇറങ്ങിയ സ്മാര്‍ട്ട്ഫോണുകളെ ബാധിക്കുന്നതാണ് ഈ സുരക്ഷാ പ്രശ്നം. 4.2 മുതല്‍ 5.4 വരെയുള്ള ബ്ലൂടൂത്ത് പതിപ്പുകളെ അത് ബാധിക്കുമത്രേ. ഈ സുരക്ഷാ പിഴവ് നിങ്ങളുടെ ഉപകരണങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്താന്‍ സൈബര്‍ കുറ്റവാളികളെ അനുവദിക്കുന്നതാണ്. ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണം. കാരണം, എയര്‍ഡ്രോപ് എന്ന ജനപ്രിയ ഫീച്ചര്‍ അപകടസാധ്യത ഉയര്‍ത്തിയേക്കും. ബ്ലൂടൂത്ത് പരിധിയിലുള്ള ഒരു ആക്രമണകാരിക്ക് ഈ കീകള്‍ തിരിച്ചറിയാനോ മാറ്റാനോ കഴിയും, ഡാറ്റ ഡീക്രിപ്റ്റ് ചെയ്യാനോ കൃത്രിമം കാണിക്കാനോ അവരെ പുതിയ സുരക്ഷാ പിഴവ് പ്രാപ്തരാക്കുന്നു. അതിനായി ആക്രമണകാരി ഡാറ്റ പങ്കിടലില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉപകരണങ്ങളിലൊന്നായി അഭിനയിക്കേണ്ടതായി വരും. ലാപ്ടോപ്പുകള്, പിസികള്‍, സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള് ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളെ ഈ പിഴവ് ബാധിക്കുന്നു, ആവശ്യമില്ലെങ്കില്‍ മൊബൈല്‍ ഉപകരണങ്ങളില്‍ ബ്ലൂടൂത്ത് പ്രവര്‍ത്തനരഹിതമാക്കി വെക്കുകയെന്നതാണ് പ്രാഥമികമായി ചെയ്യാന്‍ കഴിയുന്ന പരിഹാരം. അതുപോലെ, പൊതു ഇടങ്ങളില്‍ വെച്ച് ബ്ലൂടൂത്ത് വഴി സെന്‍സിറ്റീവ് ഫയലുകളും ചിത്രങ്ങളും ഷെയര്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. ഇനി ഇത്തരം ഭയമുള്ളവര്‍ ഏറ്റവും പുതിയ ബ്ലൂടൂത്ത് പതിപ്പുള്ള ഫോണുകള്‍ വാങ്ങിയാലും മതി.