തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള ഹിറ്റ് ഫിലിംമേക്കറാണ് എസ്.എസ് രാജമൗലി. ബാഹുബലി എന്നൊരറ്റ ചിത്രം കൊണ്ട് ലോകം മുഴുവനുമുള്ള സിനിമ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു അദ്ദേഹം. കല്‍ക്കി 2898 എഡി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും സംവിധായകനെത്തിയിരുന്നു. അടുത്തിടെ രാജമൗലിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ഒരുക്കുന്നതിനേക്കുറിച്ച് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചിരുന്നു. ‘മോഡേണ്‍ മാസ്റ്റേഴ്‌സ്: എസ്. എസ് രാജമൗലി’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഡോക്യുമെന്ററിയുടെ റിലീസ് തീയതിയാണ് പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 2നാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങുക. ‘ഒരു മനുഷ്യന്‍. ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകള്‍. അടങ്ങാത്ത ആഗ്രഹം. ഇത്രയധികം വലിയ ഉയരങ്ങളിലേക്കെത്താന്‍ ഈ ഇതിഹാസ ഫിലിംമേക്കറിന് എന്താണ് വേണ്ടി വന്നത് ‘- എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്‌ലിക്‌സ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. അനുപമ ചോപ്രയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലും രാജ്യാന്തര സിനിമയിലും രാജമൗലി ചെലുത്തിയിരിക്കുന്ന സ്വാധീനത്തെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. ജെയിംസ് കാമറൂണ്‍, ജോ റൂസ്സോ, കരണ്‍ ജോഹര്‍, പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍, റാം ചരണ്‍, റാണ ദഗ്ഗുബതി എന്നിവര്‍ രാജമൗലിയ്‌ക്കൊപ്പമുള്ള അനുഭവവും ഡോക്യുമെന്ററിയിലൂടെ പങ്കുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1 മണിക്കൂറും 14 മിനിറ്റുമാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.