കടകളില്‍ നിന്നും മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ ആ കുപ്പിക്ക് പുറത്ത് എക്‌സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കുപ്പിയുള്ള വെള്ളത്തിന് വേണ്ടിയുള്ളതാണ് ആ ഡേറ്റ് എന്ന് ആരും തെറ്റിദ്ധരിക്കരുതേ… കാരണം അത് വെള്ളത്തിനുള്ളതല്ല വെള്ളം ഒഴിച്ചു സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചരിക്കുന്ന കുപ്പിക്ക് വേണ്ടിയുള്ളതാണ്. കുപ്പിവെള്ളം വാങ്ങിയ പ്ലസ്റ്റിക് കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളമൊഴിച്ച് ഉപയോഗിക്കുന്ന ശീലക്കാരാണ് നമ്മള്‍ എല്ലാവരും. ഒറ്റതവണ മാത്രം ഉപയോഗിക്കേണ്ട പ്ലാസ്റ്റിക് കുപ്പികള്‍ നിരവധി തവണ ഉപയോഗിക്കുന്നതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും ഈ ശീലം ഉപേക്ഷിക്കാന്‍ ആരും തയ്യാറാകില്ല. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി അടുത്തിടെ ഒരു പഠനറിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. മനുഷ്യനുള്‍പ്പടെ എല്ലാ ജീവജാലങ്ങള്‍ക്കും നാനോ പ്ലാസ്റ്റിക് വളരെ അപകടകരമാണ്. പ്രതിരോധ ശേഷിയെ ഇവ വലിയതോതില്‍ ബാധിക്കാം. കൂടാതെ ശരീരത്തില്‍ ഇന്‍സുലിന്‍ മരുന്നുകളുടെ പ്രവര്‍ത്തനത്തെയും ഇവ ബാധിക്കാം. വന്ധ്യത മുതല്‍ കാന്‍സറിന് വരെ നാനോ പ്ലാസ്റ്റിക് കാരണമാകാം. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം മാത്രമാണ് നാനോ പ്ലാസ്റ്റികിന്റെ വലിപ്പം. മനുഷ്യന്റെ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. മൈക്രോ പ്ലാസ്റ്റിക്കിനെ തടയുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രധാനമായും വായുവിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക്ക് ശരീരത്തിലെത്തുന്നത്. വെള്ളം തിളപ്പിക്കുന്നത് മൈക്രോ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നില്ല. വളരേയധികം തവണ ഫില്‍ടര്‍ ചെയ്ത വെള്ളം കുടിക്കുകയാണ് മൈക്രോപ്ലാസ്റ്റിക്കിനെ ഒരു പരിധി വരേയെങ്കിലും തടയാനുള്ള വഴി. മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഒഴിവാക്കി കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ടാപ്പുകളില്‍ നിന്നും മറ്റും നേരിട്ട് വെള്ളം കുടിക്കുന്നത് നല്ലതല്ല.