green 2

ഇന്നു ക്രിക്കറ്റ് മാമാങ്കം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടി20 യില്‍ ആരാധകരെ കാത്തിരിക്കുന്നത് ബാറ്റിംഗ് വിരുന്ന്. മൂന്ന് വര്‍ഷത്തിനു ശേഷം എത്തുന്ന മത്സരം കാണാന്‍ ആയിരങ്ങളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുക. അനുകൂല കാലാവസ്ഥയുള്ള പിച്ചില്‍ 180 ലേറെ റണ്‍സ് പിറക്കുമെന്നാണ് ക്യുറേറ്ററുടെ പ്രവചനം.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമക്കേസുകളില്‍ 221 പേര്‍ കൂടി അറസ്റ്റിലായി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍. ഹര്‍ത്താല്‍ ദിവസം ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ വയനാട്, പാലക്കാട് ജില്ലാ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി സോണിയാഗന്ധിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കാമെന്നും രാജസ്ഥാനിലെ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നും ചര്‍ച്ച ചെയ്യാന്‍ ആന്റണിയെ സോണിയ ഡല്‍ഹിക്കു വിളിപ്പിച്ചതാണ്. താന്‍ എഐസിസി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ ആന്റണി തള്ളി. സജീവ രാഷ്ട്രീയം നിര്‍ത്തിയെന്നും മറ്റു പല കാര്യങ്ങള്‍ക്കായാണു ഡല്‍ഹിയില്‍ എത്തിയതെന്നും ആന്റണി  മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജസ്ഥാന്‍ മഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മൂന്നു വിശ്വസ്തര്‍ക്ക് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മന്ത്രി ശാന്തി ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, ധര്‍മ്മേന്ദ്ര റാത്തോഡ് എം എല്‍ എ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

ഡല്‍ഹി മദ്യനയ കേസില്‍ തൃശൂര്‍ക്കാരനായ വ്യവസായി വിജയ് നായര്‍ അറസ്റ്റില്‍. കെജ്രിവാള്‍ സര്‍ക്കാരിന്റെ വിവാദ മദ്യ നയത്തിനു പിന്നില്‍ വിജയ് നായരാണെന്ന് ആരോപിച്ച് സിബിഐ ആണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി  അടുത്ത ബന്ധമുള്ള വ്യവസായിയാണ് വിജയ് നായര്‍.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ അഞ്ചു കോടി ആറു ലക്ഷം രൂപയുടെ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. 58 ബസുകള്‍ തകര്‍ത്തെന്നും പത്തു ജീവനക്കാര്‍ക്കു പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി.

കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ ആക്രമണമുണ്ടായതിനു കേസെടുത്ത് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകനും ബിജെപി ഇന്റലക്ച്വല്‍ സെല്ലിന്റെ  മുന്‍ കണ്‍വീനറുമായ ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു ഗവര്‍ണര്‍ രണ്ടംഗ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ട വിരുദ്ധമായാണെന്ന് വിസി സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍. സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ കണ്ടെത്താന്‍ സെനറ്റ് യോഗം വിളിച്ചുകൂട്ടാന്‍ വിസിയും സിന്‍ഡിക്കറ്റും തീരുമാനം എടുത്തില്ല.

കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൂന്നാംതവണയും അന്ത്യശാസനം നല്‍കി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്കു യൂണിവേഴ്സിറ്റിയുടെ പ്രതിനിധിയുടെ പേര് ഉടനേ തരണമെന്നാണ് ആവശ്യം. വിസിയുടെ അധികാരങ്ങളും കര്‍ത്തവ്യവും ഓര്‍മിപ്പിച്ചുകൊണ്ടാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തിനു തൊഴിലാളി നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ ചര്‍ച്ച നാളേയും തുടരും. തിരുവനന്തപും ജില്ലയിലെ എട്ടു ഡിപ്പോകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക. എട്ട് മണിക്കൂറിലേറെ വരുന്ന തൊഴില്‍ സമയത്തിന് രണ്ടു മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നല്‍കും. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരേ പണിമുടക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *