കപ്പല്‍ നിര്‍മാണ രംഗത്ത് വിദേശ രാജ്യങ്ങളിലും സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. കൊറിയയിലെ പ്രമുഖ കമ്പനിയായ എച്ച്.ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്റ് ഓഫ്ഷോര്‍ എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡുമായി ദീഘകാലത്തേക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. പ്രധാനമായും അഞ്ച് മേഖലകളിലാണ് ഇരുകമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുക. ഇന്ത്യയിലും വിദേശത്തും പുതിയ കപ്പലുകള്‍ നിര്‍മിക്കാനുള്ള സാധ്യതകള്‍ കണ്ടെത്തും. കപ്പല്‍ നിര്‍മാണത്തിലെ ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിവരങ്ങള്‍ പരസ്പരം കൈമാറും. ഉല്‍പ്പാദനം കൂട്ടുന്നതിനും നിലവിലുള്ള സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കൂട്ടായി ശ്രമിക്കും. ജീവനക്കാരുടെ മികവ് ഉയര്‍ത്തുന്നതിനുള്ള പരിശീലനം നല്‍കും, കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും സഹകരണം ഉറപ്പാക്കും. വാണിജ്യ കപ്പലുകളുടെ നിര്‍മാണത്തില്‍ ആഗോള തലത്തില്‍ പ്രമുഖരായ കൊറിയന്‍ കമ്പനിയുമായുള്ള സഹകണം കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ഈ മേഖലയില്‍ ഗുണം ചെയ്യും. ലോകത്തിലെ വലിയ കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങളായ ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ്, ഹ്യുണ്ടായ് മിപോ ഡോക്യാര്‍ഡ്, ഹ്യുണ്ടായ് സാംഹോ ഹെവി ഇന്‍ഡസ്ട്രീസ് എന്നിവയുടെ നിയന്ത്രണം ഈ കമ്പനിക്കാണ്.