ചെറു എസ്യുവി, സി 3 എയര്‍ക്രോസ് വിപണിയിലെത്തിച്ച് സിട്രോണ്‍. 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. യു, പ്ലസ്, മാക്സ് വകഭേദങ്ങളില്‍ അഞ്ച്, ഏഴു സീറ്റ് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതല്‍ 12.10 ലക്ഷം രൂപ വരെയാണ്. 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ‘യു’ വിന് അഞ്ച് സീറ്റ് വകഭേദം മാത്രമേയുള്ളൂ. പ്ലസിന്റെ അഞ്ച് സീറ്റിന് 11.30 ലക്ഷം രൂപയും ഏഴു സീറ്റിന് 11.45 ലക്ഷം രൂപയുമാണ് വില. ഉയര്‍ന്ന വകഭേദം മാക്സിന്റെ അഞ്ചു സീറ്റിന് 11.95 ലക്ഷം രൂപയും ഏഴു സീറ്റിന് 12.10 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. വില പ്രഖ്യാപിക്കുന്നതിനൊപ്പം വാഹനത്തിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 25000 രൂപ നല്കിയാല് സിട്രോള്‍ സി 3 എയര്‍ക്രോസ് ബുക്ക് ചെയ്യാം. സിട്രോണിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് സി 3 എയര്‍ക്രോസ്. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് പുതിയ എസ്യുവി എത്തുക. 110 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും നല്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എയര്‍ക്രോസില്‍. തുടക്കത്തില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മോഡലായണ് എത്തുക. ഓട്ടമാറ്റിക്ക് മോഡല്‍ പിന്നീട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.