jaleel 1

ആസാദ് കാഷ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്റ്ററേറ്റ് കോടതി. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് ഉത്തരവ്. കീഴ്വയ്പൂര്‍ എസ്എച്ച് ഒയ്ക്കാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

ഗവര്‍ണര്‍ യുദ്ധം. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗുണ്ടയെന്ന് ഗവര്‍ണര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ചരിത്ര കോണ്‍ഗ്രസ് സമ്മേളനത്തില്‍ തന്നെ ആക്രമിക്കാന്‍ ഇര്‍ഫാന്‍ ഹബീബും വൈസ് ചാന്‍ലസര്‍ ഗോപിനാഥ് രവീന്ദ്രനും ഗൂഡാലോചന നടത്തിയെന്നും തെളിവുകളുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. വൈസ് ചാന്‍സലറെ രണ്ടു ദിവസംമുമ്പ് ക്രിമിനലെന്നു പരാമര്‍ശിച്ചതു വിവാദമായിരുന്നു. ഇതേസമയം ഗവര്‍ണര്‍ക്കെതിരേ സിപിഎം സംഘടനകള്‍ ഇന്നു കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ യൂണിവേഴ്സിറ്റി സംരക്ഷണ സമ്മേളനം നടത്തുന്നുണ്ട്.

ലോകായുക്ത നിയമ ഭേദഗതി നിയമം പുതിയ നിര്‍ദേശങ്ങളോടെ ഇന്നു വീണ്ടും നിയമസഭയിലേക്ക്. ഇന്നലെ ബില്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്കു വിട്ടിരുന്നു. സബ്ജക്ട് കമ്മിറ്റി ഇന്നലെത്തന്നെ ചേര്‍ന്ന് ബില്ലില്‍ പുതിയ നിര്‍ദേശങ്ങള്‍ ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത ഉത്തരവുണ്ടായാല്‍ നിയമസഭയും മന്ത്രിമാര്‍ക്കെതിരേ ഉത്തരവുണ്ടായാല്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരേ ഉത്തരവു വന്നാല്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാമെന്നാണു പുതിയ വ്യവസ്ഥ. നിയമഭേദഗതി ജൂഡീഷ്യറിയുടെ അധികാരാവകാശങ്ങളിലുള്ള കടന്നുകയറ്റവും ഭരണഘടനാ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ലെന്ന് നിയമമന്ത്രി പി. രാജീവ്.

താന്‍ ഒപ്പുവയ്ക്കാതെ ഒരു നിയമവും പ്രാബല്യത്തിലാകില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമായ ഒന്നിലും ഒപ്പുവയ്ക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ലോകായുക്ത ബില്ലിന്റെ പേരെടുത്തു പറയാതെയായിരുന്നു പ്രതികരണം.

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ ഷാര്‍ജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. 2017 സെപ്റ്റംബര്‍ 26 ന് രാവിലെ പത്തരയ്ക്കായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

മഴ ശക്തമായി തുടരും. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നത്. 27 വരെ  വ്യാപകമായ മഴക്കു സാധ്യത.

നിയമസഭയില്‍ കെ.ടി. ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍, ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോയെന്ന് മുന്‍ മന്ത്രി കെ.കെ ശൈലജ. ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ആത്മഗതമായി ശൈലജ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മൈക്ക് ഓണാണെന്ന് അറിയാതെയായിരുന്നു പരാമര്‍ശം. ജലീലിനെക്കുറിച്ചല്ല പറഞ്ഞതെന്നു പിന്നീട് ശൈലജ വിശദീകരിച്ചു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍  നിര്‍ദേശം നല്‍കി. അന്തിമ റിപ്പോര്‍ട്ടിനു മൂന്നുമാസം കൂടി സാവകാശം തേടിയിട്ടുണ്ട്. 15 കോടി രൂപ വായ്പയെടുത്തു ക്രമക്കേട് നടത്തിയെന്നാണ് പരാതി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *