കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശരിതരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പരസ്പരംപഴിച്ചുകൊണ്ട് നേതൃത്വത്തോടു പരാതിപ്പെട്ടു. ശശി തരൂരിന്റെ പ്രസ്താവനകള്‍ക്കെതിരേയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പരാതിപ്പെട്ടത്. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവില്ല. സോണിയാഗാന്ധിയുടെ ഉപദേശം തേടിയേ പ്രവര്‍ത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ ഇരുവരും പ്രചാരണവും മുറുക്കി. ഖാര്‍ഗെ ഇന്നു തമിഴ്‌നാട്ടിലും ശശി തരൂര്‍ മധ്യപ്രദേശിലുമാണ്.
ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ തീര്‍പ്പാക്കും.ഒളിവിലുള്ള എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പരാതിക്കാരി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് എംഎല്‍എയുടെ ഭാര്യ പരാതി നല്‍കിയെങ്കിലും മൊഴി നല്‍കിയിട്ടില്ല.
ജനപ്രതിനിധികള്‍ മര്യാദ പാലിക്കണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ . നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റു ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും ഷംസീര്‍ പറഞ്ഞു
കോണ്‍ഗ്രസിനു സ്ത്രീപക്ഷ നിലപാടാണെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് കുറ്റക്കാരെ സംരക്ഷിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രെട്ടറിമാരും മാത്രം ഉള്‍പെടാറുള്ള കോര്‍ കമ്മിറ്റിയിലേക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സുരേഷ് ഗോപിയെ ഉള്‍പെടുത്തിയത്. പാര്‍ട്ടി ചുമതല ഏറ്റെടുക്കാന്‍ തൊഴില്‍ തടസമാകുമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാറുള്ള സുരേഷ് ഗോപി ഇത്തവണ ചുമതല ഏറ്റെടുത്തു.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയിലേക്കു പ്രതിനിധിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തില്‍ നടപടികളുമായി ഗവര്‍ണര്‍. സെനറ്റ് യോഗത്തിന്റെ വിവരങ്ങള്‍ ഗവര്‍ണര്‍ തേടി. യോഗത്തിനു വരാതിരുന്ന അംഗങ്ങളുടെ പേരുകള്‍ ഉടന്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനക്കൂട്ടത്തിലെ ഒന്നിനെയാണ് ട്രെയിനിടിച്ചത്. ട്രെയിന്‍ ഗതാഗതം തടസപെട്ടിട്ടില്ല. കാട്ടാനകൂട്ടം മണിക്കൂറുകളോളം സംഭവ സ്ഥലത്തുനിന്നു മാറിയില്ല. കന്യാകുമാരി – ആസാം എക്‌സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്.
സ്‌കൂള്‍ കലാ കായിക മേളകളുടെ നടത്തിപ്പിനായി അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും പണപ്പിരിവു നടത്തിക്കാനുള്ള നീക്കത്തിനെതിരേ അധ്യാപക സംഘടനകള്‍ പരാതി നല്‍കി. നടത്തിപ്പിനുള്ള പണം സര്‍ക്കാര്‍ തരണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം.
കൊട്ടിയൂര്‍ – മാനന്തവാടി ചുരം റോഡില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടമുണ്ടായ രാവിലെ എട്ടു മുതല്‍ ഗതാഗതക്കുരുക്ക്. ലോറി ഡ്രൈവറും ക്ലീനറുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളാണു മരിച്ചത്. കര്‍ണാടകയില്‍ നിന്ന് പച്ചക്കറികളുമായി വന്ന ലോറി ഇലക്ട്രിക്ക് ലൈനിനു മുകളിലേക്കാണ് മറിഞ്ഞത്.
കോഴിക്കോട് കായണ്ണയില്‍ ആള്‍ദൈവത്തെ കാണാനെത്തിയവര്‍ക്കെതിരേ നാട്ടുകാരുടെ ആക്രമണം. ചാരു പറമ്പില്‍ രവി എന്ന ആള്‍ദൈവത്തിന്റെ ആശ്രമത്തിലേക്കു വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളില്‍നിന്ന് വന്ന വാഹനങ്ങളുടെ ചില്ലു തകര്‍ത്തു. ലൈംഗിക ചൂഷണ കേസിലെ പ്രതിയാണ് ആള്‍ദൈവം രവി.
അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഡിവൈഎഫ്‌ഐ പ്രചാരണ പരിപാടി സംഘടിപ്പിക്കും. രണ്ടായിരം ശാസ്ത്ര സംവാദ പരിപാടികള്‍ ഒരുക്കും. ഈ മാസം 20 മുതല്‍ പരിപാടികള്‍ തുടങ്ങുമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു.