വിശ്വാസ് മേത്തയുടെ ജീവിതകഥയിലൂടെ നടന്നുനീങ്ങുമ്പോള്‍ ഒരു കാലിഡോസ്‌കോപ്പില്‍ എന്നപോലെ അദ്ദേഹം പിന്നിട്ട വഴികള്‍, നേടിയ അനുഭവങ്ങള്‍, തന്റെ മനസ്സിനെ സ്വാധീനിച്ച ചിന്താധാരകള്‍, വ്യക്തിത്വത്തെ രൂപപ്പെടുത്തിയ മാതാപിതാക്കള്‍ ഒക്കെ ഒളിഞ്ഞും തെളിഞ്ഞും, മിന്നിയും മറിഞ്ഞും നീങ്ങിനീങ്ങിക്കൊണ്ടിരിക്കുന്നു. ഇതിലെ കഥാകഥനരീതിയും വ്യത്യസ്തമാണ്. കഥാകാരന്‍ തന്നെക്കുറിച്ചുള്ള കഥകള്‍ നേരിട്ട് അവതരിപ്പിക്കുകയല്ല ചെയ്യുന്നത്. തന്നില്‍നിന്നും അല്‍പ്പം അകന്നുനിന്ന് ഒരു കാഴ്ചക്കാരന്റെ കണ്‍കോണിലൂടെ തന്റെ ജീവിതത്തെ നോക്കിക്കാണുകയും നിസ്സംഗതയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു തനതുശൈലിയാണ് ഈ രചനയില്‍ മുഴുനീളെ കാണുന്നത്. അതുകൊണ്ടുതന്നെ ഒരു നിസ്സംഗനിരീക്ഷകന്റെ കാഴ്ചപ്പാടില്‍നിന്നും ഈ പുസ്തകത്തെ സമീപിക്കാനും, ഇതിന്റെ ഇതിവൃത്തത്തെ ഉള്‍ക്കൊള്ളാനും വായനക്കാരനു കഴിയുന്നു. ‘അതിജീവനം’. ഡോ. വിശ്വാസ് മേത്ത ഐഎഎസ്. മാതൃഭൂമി. വില 323 രൂപ.