മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിച്ച് കളയും. ഇത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം.ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മോളിക്യൂലാര്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ സാക്കറിന്‍, സുക്രലോസ്, അസ്പാര്‍ടൈം തുടങ്ങിയ പ്രധാന കൃത്രിമ മധുരകാരികള്‍ ചെറുകുടലിലെ ഇ. കോളി, ഇ. ഫെക്കാലിസ് എന്നീ ബാക്റ്റീരിയകളിലുണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. കൃത്രിമ മധുരം ചെറുകുടലിലെ ബാക്റ്റീരിയകളെ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് മുന്‍പും പഠനങ്ങള്‍ നടന്നിട്ടുണ്ട്. ചെറുകുടലിലെ ബാക്ടീരിയകളെ രോഗകാരികളാക്കി മാറ്റാനുള്ള ശേഷി ഇത്തരം കൃത്രിമ മധുരത്തിന് സാധിക്കുമെന്നാണ് പുതിയ പഠനം വിശദീകരിക്കുന്നത്. രോഗകാരികളായി മാറുന്ന ഈ ബാക്റ്റീരിയകള്‍ക്ക് കുടലിന്റെ ഭിത്തിയിലെ എപ്പിത്തീലിയല്‍ കോശങ്ങളായ കാക്കോ-2 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നും പഠനത്തില്‍ പറയുന്നു. കുടല്‍ഭിത്തി ഭേദിച്ച് പുറത്തുകടക്കുന്ന ബാക്റ്റീരിയകള്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും ലിംഫ് നോഡുകള്‍, കരള്‍, പ്ലീഹ എന്നിവിടങ്ങളില്‍ ഒന്നിച്ചുകൂടുകയും അത് സെപ്റ്റിസീമിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan