മലയാളികളുടെ നേതൃത്വത്തിലുള്ള ഒരു കമ്പനികൂടി പ്രാരംഭ ഓഹരി വില്‍പ്പനയുമായി എത്തുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിമെക് എയ്റോസ്പേസാണ് ഐ.പി.ഒയുമായി എത്തുന്നത്. 500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഐ.പി.ഒ ഡിസംബര്‍ 23ന് തുടങ്ങി 26ന് അവസാനിക്കും. ഓഹരിയൊന്നിന് 745-785 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 250 കോടി രൂപ മൂല്യം വരുന്ന 32 ലക്ഷം പുതു ഓഹരികളും 250 കോടി രൂപ വില വരുന്ന മറ്റൊരു 32 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ.പി.ഒയിലുണ്ടാകുക. ഐ.പി.ഒയുടെ 50 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ഡിസംബര്‍ 27ന് കമ്പനിയുടെ ഓഹരികള്‍ അലോട്ട് ചെയ്തേക്കും. ഡിസംബര്‍ 31നാണ് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യുക. വ്യോമയാന, പ്രതിരോധ മേഖലകള്‍ക്കായി അതി സൂക്ഷ്മ എന്‍ജിനീയറിംഗ് ഘടകങ്ങള്‍ നിര്‍മിച്ചു നല്കുന്ന കമ്പനിയാണിത്. 2022നും 2024നും ഇടയില്‍ വാര്‍ഷിക വിറ്റു വരവില്‍ 139 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയിട്ടുള്ളത്. 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 2.37 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 2.12 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ വരുമാനം 32.94 കോടി രൂപയാണ്.