ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആമസോണ്‍ പ്രൈം ലൈറ്റ് ഇന്ത്യയിലും അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ആമസോണ്‍ പ്രൈം ലൈറ്റ് അവതരിപ്പിച്ചത്. സാധാരണയുള്ള ആമസോണ്‍ പ്രൈമിനേക്കാള്‍ വില കുറഞ്ഞ പതിപ്പാണ് ആമസോണ്‍ പ്രൈം ലൈറ്റ്. പ്രൈം അംഗത്വത്തില്‍ നിന്ന് വ്യത്യസ്ഥമായി പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷന് പ്രത്യേക വാര്‍ഷിക പ്ലാനും നല്‍കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍, പ്രൈം ലൈറ്റും ആമസോണ്‍ പ്രൈമും തമ്മില്‍ നേരിയ സമാനതകള്‍ ഉണ്ട്. പ്രൈം ലൈറ്റ് അംഗങ്ങള്‍ക്ക് ഒരു ദിവസത്തെയോ, രണ്ട് ദിവസത്തെയോ ഡെലിവറി ആസ്വദിക്കാന്‍ സാധിക്കും. റെഗുലര്‍ പ്രൈമിന് സമാനമായി ആമസോണ്‍ മ്യൂസിക്കിനും വീഡിയോയ്ക്കും ആക്സിസ് നല്‍കുന്നുണ്ടെങ്കിലും, പ്രൈം ലൈറ്റില്‍ വീഡിയോയിലെ സ്ട്രീമിംഗ് നിലവാരത്തില്‍ വ്യത്യാസമുണ്ട്. പ്രൈം ലൈറ്റ് അംഗത്വം നേടാന്‍ 12 മാസത്തേക്ക് 999 രൂപയാണ് നല്‍കേണ്ടത്. ത്രൈമാസ, പ്രതിമാസ പ്ലാനുകള്‍ ലഭ്യമല്ല. അതേസമയം, സാധാരണ പ്രൈം അംഗത്വത്തിന് ഇന്ത്യയില്‍ 1,499 രൂപയാണ് വില. കൂടാതെ, ആമസോണ്‍ പ്രൈമിന്റെ പ്രതിമാസ, ത്രൈമാസ അംഗത്വ നേടാന്‍ യഥാക്രമം 299 രൂപ, 599 രൂപ അടച്ചാല്‍ മതിയാകും.