യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ കുടുങ്ങി പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് വീണ്ടും ഓഹരി വിപണിയില്‍ സജീവമാകുന്നു. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ച് വ്യാഴാഴ്ച തിരിച്ചടക്കേണ്ടിയിരുന്ന 500 മില്യണ്‍ ഡോളര്‍ ബ്രിഡ്ജ് ലോണ്‍ അദാനി ഗ്രൂപ്പ് തിരിച്ചടച്ചു. റോയിറ്റേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 7,374 കോടി രൂപയുടെ ഓഹരി അധിഷ്ഠിത വായ്പ മുന്‍കൂറായി കമ്പനി അടച്ചു തീര്‍ത്തു. പ്രമോട്ടര്‍മാരുടെ വാഗ്ദാന പ്രകാരമാണ് വായ്പയുടെ മുന്‍കൂര്‍ പേയ്മെന്റ് നടപടി ഉണ്ടായിരിക്കുന്നത്. അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ മുമ്പ് എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലേക്ക് 1500 കോടി രൂപ വായ്പ തിരിച്ചടച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ഈ ചുവടുവെപ്പ് നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിര്‍ത്തുക എന്ന കാഴ്ചപ്പാടിലൂന്നിയാണ്. 2022 സെപ്റ്റംബറില്‍ അദാനി ഗ്രൂപ്പിന്റെ മൊത്തം കടം 2.26 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദാനി ഗ്രൂപ്പ് ഈ സാഹചര്യങ്ങളെ മറികടക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവും പുതിയ വീണ്ടെടുക്കലിന് ശേഷം, ഫെബ്രുവരി 27ന് ഏകദേശം 6.82 ലക്ഷം കോടി രൂപയില്‍ രജിസ്റ്റര്‍ ചെയ്ത വിപണി മൂലധനം മാര്‍ച്ച് 6ന് ഏകദേശം 8.85 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരുന്നു. ഗൗതം അദാനിയുടെ സമ്പാദ്യത്തിലും വര്‍ധനവുണ്ട്, ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് അദ്ദേഹം ഇപ്പോള്‍ സമ്പന്നരുടെ പട്ടികയില്‍ 24-ാം സ്ഥാനത്തെത്തി. 52.1 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെയാണ് അദ്ദേഹം മുന്നോട്ട് വന്നിരിക്കുന്നത്.