പരസ്യങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി യൂട്യൂബ്. പിസികളിലും ലാപ്‌ടോപ്പിലും യൂട്യൂബ് ഉപയോഗിക്കുന്നവര്‍ പരസ്യങ്ങള്‍ ഒഴിവാക്കാനായി ബ്രൗസറുകളില്‍ ‘ആഡ് ബ്ലോക്കര്‍’ ഉപയോഗിക്കാറുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണും ടാബ്ലറ്റുകളും ഉപയോഗിക്കുന്നവര്‍ യൂട്യൂബ് വാന്‍സ്ഡ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് പരസ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാറുള്ളത്. എന്നാല്‍ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ ഇനി ‘യൂട്യൂബ് പ്രീമിയം’ തന്നെ എടുക്കേണ്ടി വരും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഡ് ബ്ലോക്കര്‍ ഉപയോഗിച്ച് യൂട്യൂബ് കാണുന്നത് കണ്ടെത്തിയാല്‍, വീഡിയോകളിലേക്കുള്ള നിങ്ങളുടെ ആക്സസ് ഗൂഗിള്‍ ഇല്ലാതാക്കും. ഇത് ‘ത്രീ-വേ സ്‌ട്രൈക്ക്’ എന്ന രൂപത്തിലാണ് നടപ്പാക്കുന്നത്. ആഡ് ബ്ലോക്കര്‍ കണ്ടെത്തിയാല്‍, യൂട്യൂബ് മൂന്ന് തവണ മുന്നറിയിപ്പ് നല്‍കും. അതിലൂടെ യൂട്യൂബ് പ്രീമിയത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ആദ്യം നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയിലേക്കുള്ള ആക്സസ് തല്‍ക്ഷണം വിച്ഛേദിക്കപ്പെടും. പിന്നാലെ, നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വീഡിയോകളുടെ എണ്ണം മൂന്ന് മാത്രമായി പരിമിതപ്പെടുത്തും. അതിന് ശേഷം യൂട്യൂബില്‍ നിന്ന് ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യും. മുന്നറിയിപ്പ് ഒരു പോപ്പ്-അപ്പ് വിന്‍ഡോയുടെ രൂപത്തിലാകും ദൃശ്യമാവുക. അതില്‍ യൂട്യൂബില്‍ ആഡ്‌ബ്ലോക്കര്‍ പ്രവര്‍ത്തനരഹിതമാക്കാനും അല്ലെങ്കില്‍ യൂട്യൂബ് പ്രീമിയത്തിനായി സൈന്‍ അപ്പ് ചെയ്യാനും ആവശ്യപ്പെടും. യൂട്യൂബ് പ്രീമിയം എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മൂന്ന് പ്ലാനുകളാണുള്ളത്. പ്രതിമാസം 139 രൂപയുടെ പ്ലാന്‍, മൂന്ന് മാസത്തേക്ക് 399 രൂപ, അല്ലെങ്കില്‍ 12 മാസത്തേക്ക് 1,290 രൂപയുടെയും പ്ലാനുകളാണ് ലഭ്യം.