ഓര്‍മക്കുറവ്, കാഴ്ച നഷ്ടം, മതിഭ്രമം, അസാധാരണമായ ചലനങ്ങള്‍ തുടങ്ങിയ നാഡീവ്യൂഹ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന വിചിത്രമായ ഒരു രോഗം കാനഡയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ആശങ്കപരത്തുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2015ലാണ് ഇത്തരം കേസുകള്‍ ആദ്യം കണ്ടെത്തിയത്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഈ വിചിത്ര രോഗം ബാധിച്ച 147 രോഗികളുടെ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചെറുപ്പക്കാരെയാണ് ഈ രോഗം ബാധിച്ച് കാണുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 17നും 80നും ഇടയില്‍ പ്രായമായവരാണ് രോഗബാധിതര്‍. വീടുകളിലും കൃഷിയിടങ്ങളിലും ഉപയോഗിച്ച് വരുന്ന ഗ്ലോഫോസേറ്റ് എന്ന ഒരു കളനാശിനിയാണോ ഈ വിചിത്ര രോഗത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. രോഗികളുടെ ലാബ് ഫലങ്ങളില്‍ ഗ്ലൈഫോസേറ്റ് സാന്നിധ്യം കണ്ടെത്തിയതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജലസ്രോതസ്സുകളില്‍ ഉള്ള ബ്ലൂ-ഗ്രീന്‍ ആന്ഗെകള് മൂലമുണ്ടാകുന്ന മലിനീകരണമാകാം രോഗകാരണമെന്നും കരുതപ്പെടുന്നു. ഈ ആല്‍ഗെകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കളനാശിനിയാണ് ഗ്ലൈഫോസേറ്റ്. നേരത്തെ ഈ രോഗത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും 2021ല്‍ ഈ അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ഈ ക്ലസ്റ്ററിന്റെ ഭാഗമായ ആളുകള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഓരോ കേസിലും വ്യത്യസ്തമാണെന്നും എല്ലാവരിലും ഒരുപോലെയുള്ള ഒരു രോഗമെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നുമാണ് സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.