അന്താരാഷ്ട്ര നിലവാരത്തില്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ത്രില്ലര്‍ ‘വടക്കന്‍’ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സജീദ് എ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിഷോറും ശ്രുതി മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ദ്രാവിഡപുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതികനിറവാണ് ചിത്രം ഒരുങ്ങുന്നത്. ഓഫ്ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശര്‍മ്മ, നുസ്രത് ദുറാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര ആണ് ഛായാഗ്രഹണം. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്കുന്നു. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച ഗ്രാഫിക്സ് ടീമുകളും ചിത്രത്തിന് പിന്നിലുണ്ട്. മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം, നിലവില്‍ കന്നടയിലും ഡബ് ചെയ്തിട്ടുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലും ചിത്രം പുറത്തിറക്കാന്‍ പദ്ധതിയുണ്ട്.