രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ വന്‍ കുറവ്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കുറവാണ് ഡിസംബര്‍ മാസത്തില്‍ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയത്. സ്വര്‍ണവില വന്‍തോതില്‍ കുതിച്ചതോടെ ആവശ്യകതയില്‍ കുറവ് വന്നതാണ് ഇറക്കുമതിയേയും ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കുമതിയില്‍ 79 ശതമാനത്തിന്റെ കുറവുണ്ടായി. 2022 ഡിസംബറില്‍ 20 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 95 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 4.73 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തതെങ്കില്‍ ഈ വര്‍ഷം 1.18 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. 2022ല്‍ 706 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 1068 ടണ്ണായിരുന്നു. രൂപ ദുര്‍ബലമായതും ആഗോള വിപണിയിലെ വില വര്‍ധനവും കാരണം സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഇതോടെ സ്വര്‍ണ ആവശ്യകതയില്‍ കുറവുണ്ടായി എന്നാണ് നിഗമനം. ഇതും ഇറക്കുമതി കുറയുന്നതിന് ഇടയാക്കിയിരുന്നു.