bus driver 1

പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റു ബസിന്റെ ഡ്രൈവര്‍ പിടിയില്‍. എറണാകുളം ജില്ലയിലെ ഇലഞ്ഞി പൂക്കോടന്‍ വീട്ടില്‍ ജോജോ പത്രോസാണ് കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് പിടിയിലായത്. അഭിഭാഷകനെ കാണാന്‍ തിരുവനന്തപുരത്തേക്കു പോകുമ്പോഴാണ് പോലീസ് പിടികൂടിയത്. രക്ഷപെടാന്‍ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യാകുറ്റത്തിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

സാഹിത്യ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നുവിന്. ആത്മകഥാംശമുളള എഴുത്തുകളാണ് പുരസ്‌കാരം നേടിയത്. അനിയുടേത് വ്യക്തിപരമായ അനുഭവങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത തുറന്നെഴുത്തെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്‍. കൊച്ചിയിലെ സിബിഐ ഓഫീസില്‍ രാവിലെ പത്തര മുതല്‍ വൈകീട്ട് മൂന്നര വരെയാണ് ചോദ്യം ചെയ്തത്.

എണ്‍പതു കോടി രൂപയുടെ ഹെറോയിനുമായി ഒരു മലയാളി കൂടി പിടിയിലായി. മലയാളിയായ ബിനു ജോണ്‍ മുംബൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ട്രോളി ബാഗില്‍ കടത്തുകയായിരുന്ന 16 കിലോ ഹെറോയിനാണ് പിടികൂടിയത്. ഓറഞ്ച് ഇറക്കുമതിക്കിടെ 1476 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റും ഉടനുണ്ടാവും. ഡിആര്‍ഐ കസ്റ്റഡിയിലുള്ള വിജിന്‍ വര്‍ഗീസിന്റെ പങ്കാളി മന്‍സൂറിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും.

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് ലോകാരോഗ്യ സംഘടന ആരോപണം ഉന്നയിച്ച കമ്പനിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹരിയാനയിലെ സോനേപഥിലുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്റെ നാല് കഫ് സിറപ്പുകള്‍ക്കെതിരെയാണ് അന്വേഷണം.

വടക്കഞ്ചേരിയിലെ ബസപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും രണ്ടു ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപവീതവും  നല്‍കും.

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത്. ബസിന്റെ വേഗപ്പൂട്ടില്‍ മാറ്റം വരുത്തിയിരുന്നു. നിയമം ലംഘിച്ചുള്ള ഫിറ്റിംഗുകളും ബസില്‍ ഉണ്ടായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.

എല്‍ഡിഎഫില്‍ മുസ്ലീം ലീഗിനെ ചേര്‍ക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. ലീഗ് യുഡിഎഫ് വിട്ടശേഷം ഇക്കാര്യം ആലോചിക്കാം. സിപിഐ അംഗസംഖ്യ കൂടിയതിനനുസരിച്ച് മുന്നണിയില്‍ സീറ്റ് അധികം കിട്ടണമെന്നില്ലെന്നും കാനം പറഞ്ഞു.

ആലപ്പുഴയില്‍ സ്വകാര്യ ബസില്‍ പൊലീസുകാരന്റെ പിസ്റ്റള്‍ മോഷ്ടിച്ച യുവതി അടക്കമുള്ള മൂന്നംഗ സംഘത്തെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മോഷണം. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണന്‍, വടുതല സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഐഎ. 45 പേരെയാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. നിരോധനത്തിനുശേഷം സംസ്ഥാന പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കേരള പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്ലെന്നും എന്‍ഐഎ. ഇതേസമയം, നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി അഭിഭാഷകനു ഹാജരായി വാദിക്കാവുന്നതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *