Screenshot 2024 02 27 20 21 14 990 com.android.chrome edit 5

തിരുവനന്തപുരം  ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ആയി ഇറങ്ങിയ  ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ.  അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും മുനിസിപ്പൽ കോര്‍പറേഷനും റെയിൽവേയും ചേര്‍ന്ന് ഈ മാസം 19 ന് മുൻപ് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയും മരം വീണ് അപകടങ്ങൾ ഉണ്ടായി.കൊച്ചി നഗരത്തിൽ റോഡ് ഇടിഞ്ഞുവീണു. ചെമ്പു മുക്കിൽ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് പുലർച്ചെ ഇടിഞ്ഞത്. രണ്ടുമാസം മുമ്പ് നിർമാണം പൂർത്തിയാക്കിയ റോഡാണിത്. ആലപ്പുഴയില്‍ മരം വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. കണ്ണൂരും കാസര്‍ഗോഡും കോട്ടയത്തും വീടുകള്‍ തകര്‍ന്നു.

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി, 100 കോടി രൂപ അനുവദിച്ചു.പണം അനുവദിച്ചതായി  ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് അറിയിച്ചു . നിത്യോപയോഗ സാധനങ്ങൾ 35 ശതമാനം വരെ വില കുറച്ച്‌ സപ്ലൈയ്‌കോ സ്‌റ്റോറുകൾ വഴി വിതരണം ചെയ്യുന്നതിനാണ്‌ സഹായം. ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന സപ്ലൈയർമാർക്ക്‌ നൽകുന്നതിനടക്കം ഈ തുക വിനിയോഗിക്കാനാകുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.

സ്വപ്ന സുരേഷിനെ പ്രതിരോധത്തിലാക്കി വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി. മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ സച്ചിൻ ദാസ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. കേസിൽ കൂടുതൽ കാര്യങ്ങളറിയാവുന്ന തന്നെ മാപ്പു സാക്ഷിയാക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോഴാണ് രണ്ടാം പ്രതിയുടെ ഹര്‍ജിയും പരിഗണനയ്ക്കായി എടുത്തത്.

സംസ്ഥാനത്തെ  മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം . തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് നിയമിച്ചത്. ഐടി മിഷൻ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടർ. കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടർ. സപ്ലൈക്കോയിൽ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിൻ്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നൽകി.

മുഖ്യമന്ത്രി പിണറായി വിജയനും കാസര്‍കോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിൽ എംപിമാരുടെ യോഗത്തിൽ വാക് പോര് .കാസർക്കോട് എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാൻ പിടിവാശി കാണിക്കുന്നുവെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി.  കാസര്‍കോട് ജില്ലയെ അവഗണിക്കുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാതിയും അതിന് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് പ്രശ്നമായത്.

സംസ്ഥാന ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംയുക്ത നിവേദനം നൽകാൻ എംപിമാരുടെ യോഗത്തിൽ തീരുമാനമായി . തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കേരളത്തിൽ നിന്നുള്ള  എംപി മാരുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്‍റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എംപിമാർ മുഖ്യമന്ത്രിയെ അറിയിച്ചു.

കൊങ്കൺ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നാല് ട്രെയിനുകൾ റദ്ദാക്കി. ഒരു ട്രെയിൻ പൻവേൽ വഴി വഴിതിരിച്ചു വിട്ടു. രത്നഗിരി മേഖലയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ  ശ്രമിച്ച ഗ്രേഡ് എ.എസ്.ഐ  സന്തോഷ് കുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡി. ഇന്ധനം നിറച്ചതിന്‍റെ പണം ചോദിച്ചതിന് പമ്പ് ജീവനക്കാരനായ അനിലിനെ കാറിന്റെ ബോണറ്റിലിരുത്തി അര കിലോമീറ്റർ കാറോടിച്ചായിരുന്നു പൊലീസുകാരന്‍റെ അതിക്രമം.

തിരുവനന്തപുരം നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ ഏറ്റവും വാണിജ്യപ്രധാന്യവും യാത്രാ തിരക്കുമുള്ള റെയിൽവേ സ്റ്റേഷനെന്ന നിലയിൽ തിരൂരിൽ സ്റ്റോപ്പ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്തെ ഓടയിലേക്ക് ഒഴുക്കുന്നുവെന്ന് പരാതി. നഗരസഭ പരിധിയിലുള്ള വഞ്ചിക്കുളത്തേക്കാണ് ഓടയിൽ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നത്. മേയറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കക്കൂസ് മാലിന്യം ഓടയിൽ ഒഴുകാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ വയോധികന്‍ രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് വി ഡി സതീശൻ. ഇത്രയും തിരക്കുള്ളൊരു മെഡിക്കല്‍ കോളജിലെ ഒ പി വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ ആള്‍ രണ്ട് രാത്രിയും ഒരു പകലും ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. നിലവിലെ ഗുരുതരമായ സാഹചര്യത്തില്‍ ഒരു നിമിഷം സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ആരോഗ്യമന്ത്രിക്കില്ല. എത്രയും വേഗം അവര്‍ രാജിവച്ച് പുറത്തു പോകുന്നതാണ് പൊതുസമൂഹത്തിനും നല്ലത് എന്നും അദ്ദേഹം പ്രതികരിച്ചു.

മലപ്പുറത്ത്പൊലീസിനെ അക്രമിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് പൊന്നാനി സ്റ്റേഷനിലെ  പൊലീസുകാരെ യുവാക്കൾ ആക്രമിച്ചത്. സംഭവത്തിൽ കുറ്റിക്കാട് സ്വദേശികളായ സൂരജ്, ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് 2025 വരെ നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന. വൈറസിന്‍റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ വേണ്ടി വരും. ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയെന്നും 32 സ്പോട്ടുകൾ വളരെ നിർണ്ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ പ്രത്യാക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ  കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദവും രൂപപ്പെട്ടു.  കാലാവസ്ഥ മോശമായതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വിപുലമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പോലിസ് . താമരശ്ശേരി ഡിവൈഎസ്‍പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.

ഡ്രഡ്ജർ അഴിമതി കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ അന്വേഷണ റിപ്പോർട്ട് മുദ്ര വച്ച കവറിൽ, രണ്ട് ദിവസത്തിനുള്ളിൽ ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം. കേസ് ഓഗസ്റ്റ് 9 ന് പരിഗണിക്കാനായി മാറ്റി. കേന്ദത്തിന്റെ ഇടപടൽ കൂടി ഉണ്ടായാലെ അന്വേഷണത്തിൽ കൂടുതൽ പുരോഗതിയുണ്ടാക്കാനാകൂവെന്നാണ് സർക്കാർ നിലപാട്.

ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജോയിയുടെ മരണം ദാരുണമായ സംഭവമാണെന്ന് പറഞ്ഞ സുരേന്ദ്രൻ, മനഃപൂർവ്വമായ നരഹത്യയാണിതെന്നും കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്‍റെ മിസ് മാനേജ്മെന്‍റിന്‍റെ ഇരയാണ് ജോയി. അതുകൊണ്ടുതന്നെ മേയർക്കെതിരെ കേസെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽആനി രാജ മത്സരിച്ചതിൽ സിപിഐ ദേശീയ കൗൺസിലിൽ വിമർശനം. നടപടി രാഷ്ട്രീയ വിവേക മില്ലായ്മ യെന്ന് പഞ്ചാബിലെ അംഗങ്ങൾ വിമർശനം ഉന്നയിച്ചു. ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ദേശീയ നേതൃത്വത്തിന് താൻ കത്ത് നൽകിയിരുന്നതായി ആനി രാജ യോഗത്തെ അറിയിച്ചു.  ദേശീയ സെക്രട്ടറിയേറ്റിലേക്ക് ആനി രാജയെയും ഗിരീഷ് ശർമയെയും ഉൾപ്പെടുത്താനുള്ള ദേശീയ നിർവ്വാഹക സമിതി നിർദ്ദേശം  ദേശീയ കൗൺസിൽ  അംഗീകരിച്ചു.

ഭരണഘടന അംഗീകരിച്ചതിന്‍റെ  എഴുപത്തഞ്ചാം വാർഷികം വിപുലമായി ആഘോഷമാക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമാക്കിയുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എഴുപത്തഞ്ചാം വാർഷികം ആഘോഷമാക്കാനുള്ള നീക്കം.ബിജെപി ഭരണഘടനയ്ക്കെതിരെന്ന പ്രതിപക്ഷ പ്രചാരണം ചെറുക്കാനാണ് കേന്ദ നീക്കം. ഭരണഘടനാ അവകാശങ്ങൾ വിശദീകരിച്ച് നിയമമന്ത്രാലയം തയ്യാറാക്കിയ പോർട്ടലിൻറെ ഉദ്ഘാടനം നാളെ നടക്കും.

ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കാൻ കര്‍ണാടക ആര്‍ടിസി തയാറെടുക്കുന്നതിടെ പ്രതികരണവുമായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. ശക്തി പദ്ധതി നഷ്ടത്തിലേക്ക് നയിച്ചിട്ടില്ല. പകരം പ്രതിവർഷം 20 ലക്ഷം യാത്രക്കാരെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ എത്തിക്കുകയാണ് ചെയ്തത്. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തന്‍റെ മുന്നില്‍ എത്തിയിട്ടില്ലെന്നും ഒന്നും അംഗീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അദാനി ഹിൻഡൻബെർഗ് കേസിലെ വിധിയിൽ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി. സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യവും തള്ളുകയായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബെർഗ് റിപ്പോർട്ട്. സെബിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിർദേശം.

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി പിടിഐയെ നിരോധിക്കാന്‍ ഒരുങ്ങി ഭരണകൂടം.പിടിഐയെ നിരോധിക്കാനും സ്ഥാപകന്‍ ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി നടപടികളെടുക്കാനും തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു.

ഡൊണാള്‍ഡ് ജെ. ട്രംപിനെ വധശ്രമത്തില്‍ നിന്ന് രക്ഷിച്ചത് ‘ഭഗവാൻ ജഗന്നാഥ’നാണെന്ന വാദവുമായി കൃഷ്ണഭക്തരുടെ അന്താരാഷ്ട്ര സംഘടനയായ ഇസ്‌കോണ്‍. കൊല്‍ക്കത്ത ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാറാം ദാസാണ് ഇക്കാര്യം പറഞ്ഞത്. വധശ്രമത്തില്‍നിന്ന് ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെ ‘ദൈവീകമായ ഇടപെടല്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം 1976 ജൂലായില്‍ ന്യൂയോര്‍ക്കില്‍ നടന്ന രഥയാത്രയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് ഭഗവാന്‍, ട്രംപിന്റെ ജീവന്‍ രക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *