ബിജു മേനോന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ബിജു മേനോന്റെ വ്യത്യസ്തമായ കഥാപാത്രത്തെ ട്രെയിലറില്‍ കാണാം. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ട്രെയിലര്‍. ബിജു മേനോനൊപ്പം നേര്‍ക്ക് നേര്‍ പൊരുതി റോഷനും ഒപ്പമുണ്ട്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്ന് ട്രെയിലര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പത്മപ്രിയ ആണ് നായിക. ഒരിടവേളക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ഓണം റിലീസ് ആയിട്ടായിരിക്കും തെക്കന്‍ തല്ല് കേസ് റിലീസ് ചെയ്യുക.
നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗോള്‍ഡ്’ ഓണത്തിന് റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. സിനിമയ്ക്ക് 30 കോടിയ്ക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണവാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.
നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. റുപേ പേയ്മെന്റ് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് പരമ്പരയിലെ ആദ്യത്തേതാണിത്. ഉപഭോക്താവിന് നിരവധി റിവാര്‍ഡ് പോയന്റുകള്‍ ലഭിക്കത്തക്കവിധം കോണ്‍ടാക്ട് ലെസ് കാര്‍ഡാണ് പുറത്തിറക്കിയത്. ഐസിഐസിഐ ബാങ്ക് കോറല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് എന്ന പേരിലാണ് കാര്‍ഡ്. പലചരക്കു സാധനങ്ങള്‍, ദൈനംദിന ഉപയോഗത്തിന് വരുന്ന ബില്ലുകള്‍ തുടങ്ങി നിരവധി ഇടപാടുകള്‍ക്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് റിവാര്‍ഡ് ലഭിക്കുക. കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ നൂറ് രൂപയുടെ ഇടപാടിനും രണ്ടു റിവാര്‍ഡ് പോയന്റ് ലഭിക്കും. ദൈനംദിന ബില്ലുകള്‍, ഇന്‍ഷുറന്‍സ് എന്നിവ അടയ്ക്കുന്നതിന് കാര്‍ഡ് ഉപയോഗിച്ചാല്‍ ഓരോ നൂറ് രൂപയ്ക്കും ഒരു റിവാര്‍ഡ് പോയന്റാണ് ലഭിക്കുക.
ജിയോമാര്‍ട്ടും വാട്ട്‌സാപ്പും കൈകോര്‍ത്തു. റിലയന്‍സ് ജിയോയുടെ ആനുവല്‍ ജനറല്‍ മീറ്റിങ് തുടങ്ങിയതിനു പിന്നാലെ ജിയോമാര്‍ട്ടുമായുള്ള വാട്ട്സ്ആപ്പിന്റെ ആദ്യ ആഗോള ഷോപ്പിംഗ് പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം പങ്കുവെച്ചത്. ഉപയോക്താക്കള്‍ക്ക് ഒരൊറ്റ ചാറ്റിലൂടെ തന്നെ ജിയോമാര്‍ട്ടില്‍ നിന്ന് ആവശ്യമുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. ഇന്ത്യയിലെ ഉപയോക്താക്കളെ പ്രത്യേകിച്ച് മുമ്പ് ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തിയിട്ടില്ലാത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജിയോമാര്‍ട്ടിന്റെ മുഴുവന്‍ ഗ്രോസറി കാറ്റലോഗും തടസ്സമില്ലാതെ ഇനി മുതല്‍ ബ്രൗസ് ചെയ്യാനാകും. കൂടാതെ കാര്‍ട്ടിലേക്ക് സാധനങ്ങള്‍ ആഡ് ചെയ്യാനും പണമടയ്ക്കാനും സാധിക്കുമെന്ന് ജിയോ അറിയിച്ചു. വാട്ട്സ്ആപ്പ് ചാറ്റില്‍ നിന്ന് പുറത്തുപോകാതെ തന്നെ ഇതൊക്കെ ചെയ്യാന്‍ കഴിയുമെന്നതാണ് ഗുണം.
ഇറ്റാലിയന്‍ അത്യാഡംബര സ്‌പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ഫെരാരിയുടെ 296 ജി.ടി.ബി ഇന്ത്യയിലെത്തി. വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫെരാരിയുടെ മുന്‍ മോഡലായ എഫ് ട്രൈബ്യൂട്ടോയ്ക്ക് പകരക്കാരനായാണ് പുത്തന്‍ 296 ജി.ടി.ബി എത്തുന്നത്. 645 ബി.എച്ച്.പി കരുത്തുള്ള 3.0 ലിറ്റര്‍ വി6 എന്‍ജിനൊപ്പം 164 ബി.എച്ച്.പി കരുത്തുള്ള ഫ്‌ളോര്‍-മൗണ്ടഡ് 7.45 കെ.ഡബ്‌ള്യു.എച്ച് ബാറ്ററികൂടി ചേരുന്ന ഹൈബ്രിഡ് എന്‍ജിനാണുള്ളത്. ഫെരാരി ശ്രേണിയിലെ ആദ്യ ഹൈബ്രിഡാണിത്. ഇലക്ട്രിക്കായി മാത്രം 25 കിലോമീറ്റര്‍ വരെ ഓടാം. ടോപ് സ്പീഡ് 135 കിലോമീറ്റര്‍. ഇന്റേണല്‍ കമ്പഷന്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേരുമ്പോള്‍ സംയുക്തകരുത്ത് 818 ബി.എച്ച്.പിയാണ്. 8-സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം വെറും 2.9 സെക്കന്‍ഡില്‍ കൈവരിക്കും. ടോപ് സ്പീഡ് 330 കിലോമീറ്റര്‍.
കലയും സാഹിത്യവും സംഗീതവുമെല്ലാം നിത്യജീവിതത്തില്‍ സ്പന്ദിക്കുന്ന ആനന്ദനഗരമായ കല്‍ക്കത്തയില്‍നിന്നുള്ള എട്ടു കഥകളുടെ സമാഹാരമാണ് ‘കല്‍ക്കത്ത കഫെ’. മനുഷ്യമനസ്സുകളില്‍ ഉരുവംകൊള്ളുന്ന നിശ്ശബ്ദവും നിഗൂഢവുമായ വൈകാരികതയുടെ പല അടരുകള്‍ ഈ കഥകളില്‍ പ്രതിഫലിക്കുന്നു. ശുഭമാനസ് ഘോഷ്, സുചിത്ര ഭട്ടാചാര്യ, ശേഖര്‍ ബസു, സ്വപ്നമയ് ചക്രവര്‍ത്തി, തിലോത്തമ മജുംദാര്‍, തൃഷ്ണ ബസാക്ക്, സെയ്ദ് വാലിയുള്ള, മനോരഞ്ജന്‍ ബ്യാപാരി എന്നീ പ്രശസ്ത ബംഗാളി എഴുത്തുകാരുടെ കഥകള്‍ കൂടിച്ചേരുന്ന കല്‍ക്കത്ത കഫെ ജീവിതത്തിന്റെ എരിവും പുളിയും മധുരവും അനുഭവിപ്പിക്കുന്നു.
ബംഗാളിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷ. പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുനില്‍ ഞാളിയത്തിന്റെ പുതിയ പുസ്തകം. മാതൃഭൂമി ബുക്‌സ്. വില 161 രൂപ.
മിതമായ അളവില്‍ മദ്യം കഴിച്ചാലും തലച്ചോറിനെ ബാധിക്കാമെന്ന് പഠന റിപ്പോര്‍ട്ട്. ആഴ്ചയില്‍ അഞ്ചു ചെറിയ ഗ്ലാസോ അതില്‍ കൂടുതലോ മദ്യം കഴിക്കുന്നവര്‍ക്ക് തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്രിട്ടനിലെ ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 21,000ല്‍പ്പരം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണം പിഎല്‍ഒഎസ് മെഡിസിന്‍ എന്ന ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്. മദ്യ ഉപഭോഗവും തലച്ചോറിന്റെ പ്രവര്‍ത്തനവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. തലച്ചോറില്‍ ഇരുമ്പിന്റെ അളവ് വര്‍ധിക്കുന്നത് പാര്‍ക്കിസന്‍സണ്‍, അല്‍ഷിമേഴ്സ് എന്നി രോഗങ്ങള്‍ക്ക് കാരണമാകാം.ഇതിന് പുറമേ ചിന്തയെയും ഇത് ബാധിക്കാമെന്നും ഗവേഷകര്‍ പറയുന്നു. ആഴ്ചയില്‍ അഞ്ചു ചെറിയ ഗ്ലാസോ അതില്‍ കൂടുതലോ മദ്യം കഴിക്കുന്നവരുടെ തലച്ചോറില്‍ ഇരുമ്പിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മിതമായ അളവില്‍ മദ്യം ഉപയോഗിച്ചാലും തലച്ചോറിനെ ബാധിക്കും എന്നതിന്റെ തെളിവാണിതെന്നും ഗവേഷകര്‍ പറയുന്നു. തലച്ചോറില്‍ ഇരുമ്പിന്റെ അളവ് വര്‍ധിക്കുന്നത് ചിന്തയെയും കാര്യമായി ബാധിക്കും. ധാരണാശക്തിയെയും തിരിച്ചറിവിനെയും ഇത് ബാധിക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.