ഉത്തരേന്ത്യയില്‍ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് തീവ്രമായ ഉഷ്ണതരംഗം പ്രഖ്യാപിച്ചു. ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ബീഹാറിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേർ മരിച്ചതായാണ് റിപ്പോർട്ട്. താപനില 45 ഡിഗ്രിക്ക് മുകളിലാണ്. ഔറംഗാബാദിലും, പറ്റ്നയിലുമായാണ് ഏറെയും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന മരണങ്ങളിൽ രാജസ്ഥാൻ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ദേശീയ ദുരന്തമായി ഉഷ്ണതരംഗത്തെ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനത്ത് 5 പേർ മാത്രമാണ് ചൂടിനെ തുടർന്ന് മരിച്ചതെന്നും മാധ്യമങ്ങൾ കണക്കുകൾ പെരുപ്പിച്ച് കാട്ടുകയാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ഉഷ്ണതരംഗം കനത്തതോടെ ദില്ലിയിൽ ജലക്ഷാമം രൂക്ഷമാകുന്നു. ജലടാങ്കറുകൾക്കായി മണിക്കൂറുകൾ കാത്തിരിക്കുയാണ് ഓരോ ഗ്രാമത്തിലേയും മനുഷ്യർ. അതിനിടെ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ജലം ആവശ്യപ്പെട്ട് ദില്ലി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ദില്ലിയിൽ കുടിവെള്ള ടാങ്കറുകളെ ഏകോപ്പിക്കാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജല ദുരുപയോഗം തടയുന്നതിനായി 200 സംഘങ്ങളേയും നിയോഗിച്ചു.
ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത നാല് ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ ചൂട് 2 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ കുറയാമെങ്കിലും ഉഷ്ണതരംഗം നിലനിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യയിൽ ഉയരുന്ന താപനിലയിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഒരുപോലെ കഷ്ടപ്പെടുകയാണ്. മധ്യപ്രദേശിൽ താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ പക്ഷികളും വവ്വാലുകളും ചത്ത് കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടു.
ദില്ലിയിൽഉഷ്ണ തരംഗം രൂക്ഷമായതിന് പിന്നാലെ കറുത്ത ഗൗൺ ഉപയോഗത്തിന് ഇളവ് വേണമെന്ന ആവശ്യവുമായി അഭിഭാഷകർ. കറുത്ത കോട്ടും ഗൗണും ഉഷ്ണ തരംഗത്തെ കൂടുതൽ രൂക്ഷമാക്കുന്നുവെന്നാണ് അഭിഭാഷകർ വിശദമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം തുടരുന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളിലാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്. നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനത്തെ വിമർശിച്ച് കോൺഗ്രസ്. നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നാടകമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ടില്ല. മോദി ഹിന്ദുമത വിശ്വാസിയാണെന്നും, ധ്യാനത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ആരും തടഞ്ഞിട്ടില്ലല്ലോയെന്നും ബിജെപി വ്യക്തമാക്കി.
കെ എസ് ആർടിസി ഡ്രൈവർമാർക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്വകാര്യ ബസുമായും ഇരുചക്രവാഹനയാത്രക്കാരുമായും മല്‍സരയോട്ടം വേണ്ട, യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കരുത്, അമിതവേഗവും വേണ്ട. റോഡിന്റെ ഇടത് വശത്ത് തന്നെ നിര്‍ത്തണം. കൈകാണിച്ചാല്‍ ബസ് നിര്‍ത്തണം എന്നിവയാണ് നിർദ്ദേശങ്ങൾ. അതോടൊപ്പം ബ്രെത്തലൈസര്‍ പരിശോധന തുടങ്ങിയതോടെ കെ.എസ്.ആര്.ടി.സിയിലെ അപകടങ്ങള്‍ കുറഞ്ഞെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാര് പറഞ്ഞു.
വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസുമായി ഒരു ബന്ധവുമില്ലെന്ന് ദുബായിലെ എക്സാലോജിക് കൺസൾട്ടിങ്. ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്ഥാപനം എക്സാലോജിക് കൺസൾട്ടിങ് അല്ല. 2013 ൽ ഷാർജയിൽ തുടങ്ങിയ സ്ഥാപനമാണ് ഇത്. പ്രൈസ് വാട്ടർ കൂപ്പേഴ്സ്, എസ്എൻസി ലാവ്ലിൻ എന്നിവരുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും സ്ഥാപന മേധാവികളായ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവർ ദുബായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമന്റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹർജി നൽകിയിരുന്നത്. വാഴൂർ സോമന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അപൂർണമെന്നായിരുന്നു ആരോപണം. എന്നാൽ സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങൾ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നാണ് വാഴൂർ സോമൻ കോടതിയിൽ സ്വീകരിച്ച നിലപാട്.
വടകരയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരായ സ്ക്രീൻ ഷോട്ട് കേസിൽ പി.കെ കാസിം നൽകിയ ഹർജിയിൽ പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച നിർദ്ദേശം. വോട്ടെടുപ്പിന്റെ തലേന്ന് ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാർത്ഥിയായിരുന്ന കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം.
ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവ് ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡണ്ടായ കെഎ സാബു അറസ്റ്റിലായി. മോട്ടോർ വെഹിക്കിൾ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയുടെ വാഹനമാണ് സാബു തടഞ്ഞുനിർത്തി ഡ്രൈവറെ ചീത്ത വിളിച്ചത്. ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി ഒറ്റപ്പെട്ടു പോയ പ്രദേശവാസികളെ എം എസ് അരുൺകുമാർ എംഎല്‍എ യുടെ നിർദ്ദേശ പ്രകാരം പൊലീസ്, റവന്യൂ അധികാരികൾ സ്ഥലത്തെത്തി ഉമ്പർനാട് ഗവൺമെന്റ് ഐ ടി സിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
വെഞ്ഞാറമൂട് മാണിക്കലിൽ മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തീയണക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് എത്തുകയും മകൻ ബിനുവിനെ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ്. ഈജിപ്തും ഖത്തറും തമ്മിൽ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു ഹമാസ് നിലപാട് വ്യക്തമാക്കിയത്.
ബ്രിട്ടനില്‍ സൂക്ഷിച്ച സ്വര്‍ണം ഇന്ത്യയിലെത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ ഇന്ത്യയിലെത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. സെൻട്രൽ ബാങ്കുകൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് പരമ്പരാഗതമായി സ്വര്‍ണം സംഭരിക്കുന്നത്. ആർബിഐ വാങ്ങുന്ന സ്വര്‍ണത്തിന്റെ സ്റ്റോക്ക് വിദേശത്ത് വർധിക്കുന്നതിനാൽ കുറച്ച് ഭാഗം ഇന്ത്യയിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
തനിക്കും സിദ്ധരാമയ്യക്കുമെതിരെ ശത്രുസംഹാര യാഗം നടത്തിയെന്ന ആരോപണവുമായകർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് പൂജ നടത്തിയതെന്ന് വിവരം കിട്ടിയെന്ന് ശിവകുമാർ വ്യക്തമാക്കി. യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാമെന്നും. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.
സൗദിയിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽ ഇത്തവണ കടുത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റഫയിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരെ ദില്ലിയിൽ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്. ജന്തർമന്തറിലെ പരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. എന്നാൽ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു. ഓള് ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്ഗനൈസേഷന് എന്ന സംഘടനയാണ് പ്രതിഷേധ പരിപാടിയുടെ സംഘാടകർ.
ദിയാ ധനം കൈമാറിയതോടെ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് ആണ് കൈമാറിയത്. റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
ലൈംഗികാതിക്രമ കേസിലെ പ്രതിയും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോൺ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. പ്രജ്വലിന്റെ പക്കൽ നിന്ന് ഇന്നലെ രണ്ട് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളിൽ നിന്നല്ല ദൃശ്യങ്ങൾ പകർത്തിയതെന്നും ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു. ഡിവൈസ് നശിപ്പിച്ചതായി തെളിഞ്ഞാൽ പ്രജ്വലിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്താനാണ് എസ്ഐടിയുടെ നീക്കം.
പുനെയിൽ പോർഷെ കാർ ഇടിച്ച് 2 ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ച പതിനേഴുകാരനെ രക്ഷിക്കാൻ നടത്തിയത് വലിയ ഗൂഡാലോചനയെന്ന് റിപ്പോർട്ട്. പതിനേഴുകാരൻ മദ്യപിച്ചിട്ടില്ലെന്ന് വരുത്താൻ അമ്മയുടെ രക്തസാംപിളാണ് പരിശോധനക്ക് അയച്ചതെന്നാണ് കേസിൽ അവസാനമെത്തുന്ന കണ്ടെത്തൽ. കുറ്റമേൽക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയിൽ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബിസിനസ് വഞ്ചന കേസില്‍ 34 കുറ്റങ്ങളിലും മുന്‍ അമേരിക്കൻ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക. എന്നാൽ കേസ് കെട്ടിചമച്ചതെന്ന് ട്രംപ് പ്രതികരിച്ചു. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണെന്നും താൻ നിരപരാധിയാണെന്നും ട്രംപ് പറഞ്ഞു.
