തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓര്‍ഡിനൻസിൽ തീരുമാനം വൈകുന്നതോടെ ബില്ല് കൊണ്ടുവരാൻ സര്‍ക്കാര്‍ തീരുമാനം. ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സഭാ സമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഈ സമ്മേളനത്തിൽ തന്നെ തദ്ദേശ വാർഡ് വിഭജന ബിൽ കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ തദ്ദേശ വാര്‍ഡിലും ഒരു സീറ്റ് വീതം അധികം വരുന്ന നിലയിൽ വാര്‍ഡ് വിഭജനത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നുവെന്നും, അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണുമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ. യാത്രാ ദുരിതം കണ്ടറിയാൻ തൃശൂർ മുതൽ കളമശ്ശേരി വരെ യാത്ര നടത്തി സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി. പരിശോധനയ്ക്കിടെ കിട്ടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേഗത്തിൽ പരിഹാരം കാണുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ശബ്ദസന്ദേശം. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്.
രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് സംഘടന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന് വ്യക്തമാക്കുന്നുണ്ട്.
ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തളളി അസോസിയേഷൻ പ്രസിഡൻ്റ് സുനിൽ കുമാർ. അനുകൂലമായ മദ്യനയത്തിന് വേണ്ടിയാണ് പണപ്പിരിവെന്ന് പുറത്തു വന്ന ഓഡിയോയിൽ കൃത്യമായി പറയുന്നുണ്ടെങ്കിലും, പുതിയ സംഘടന രൂപീകരിക്കാൻ ശ്രമിച്ച അനിമോനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നുവെന്നാണ് പ്രസിഡൻറ് പ്രതികരിച്ചത്. കൂടാതെ പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുളള ലോൺ തുകയാണെന്നാണ് പ്രസിഡൻ്റിന്റെ വാദം.
പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമകളില്‍ നിന്നും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമെന്ന വെളിപ്പെടുത്തല്‍ കേട്ടിരുന്നുവെന്നും,ശബ്ദരേഖ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും എക്സൈസ് മന്ത്രി എം.ബിരാജേഷ് പറഞ്ഞു. മദ്യ നയത്തിന്റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ല.ഗൂഢാലോചന ഉണ്ടോ എന്ന് പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് മന്ത്രി എം ബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്ന് ധനമന്ത്രി കെ എം മാണിക്ക് രാജിവയ്ക്കേണ്ടി വന്നതെന്നും. എന്നാൽ ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ് അതിനാൽ എക്സൈസ് മന്ത്രി എം ബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആവശ്യപ്പെട്ടു.
ബാര്‍ കോഴ ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. എക്സൈസ് മന്ത്രി രാജിവയ്ക്കണം.നിലവിലെ മദ്യനിയമത്തിൽ മാറ്റം വരുത്തിയത് അബ്കാരികളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി സർക്കാർ 669 ബാറുകൾക്കും, രണ്ടാം പിണറായി സർക്കാർ 130 ബാറുകൾക്കും അനുമതി നൽകി.നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്.മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ലെന്നും ഇവിടെയാരും കാശു വാങ്ങില്ലെന്നും കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു. ഇടത് മുന്നണിയുടെ മദ്യനയം നടപ്പാക്കാൻ കോഴ നൽകേണ്ടതില്ല. അതിനാരും പിരിക്കേണ്ട. ഐ ടി പാർക്കുകളിൽ മദ്യശാലകൾ തുടങ്ങുന്നത് ഇടതുമുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ബാര്‍ കോഴ ആരോപണം ഗൗരവമുള്ളതെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനര്‍ കെകെ ശിവരാമൻ. എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും, ഇത് സംബന്ധിച്ച് അടിയന്തിര പരിശോധന വേണം. കള്ളക്കഥയാണോ ഇതെന്ന് തിരിച്ചറിയണം. വെളിപ്പെടുത്തലിനെ കുറിച്ച് സര്‍ക്കാര്‍ അടിയന്തിര അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.
ഇന്നും നാളെയും സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വരുന്ന അഞ്ചുദിവസം കൂടി സംസ്ഥാനത്ത് മിതമായ മഴതുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതിനെ തുടർന്നുണ്ടായ മത്സ്യക്കുരുതിയിൽ 10 കോടി നഷ്ടമെന്ന് ഫിഷറീസ് വകുപ്പിൻറെ പ്രാഥമിക വിലയിരുത്തൽ. പാരിസ്ഥിതികാഘാതവും വലുതെന്നും പ്രാഥമിക വിലയിരുത്തൽ.
പന്തീരാങ്കാവ് ഗാർഹിക പീഡനം കേസിലെ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത് ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 31 ലേക്ക് മാറ്റി. പൊലീസ് റിപ്പോർട്ടിനായാണ് ഹർജി മാറ്റിയത്. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
ജൂൺ ഒന്നുമുതൽ രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന പുതിയ നിയമങ്ങൾ പ്രകാരം, പല നിയമലംഘനങ്ങളുടെയും പിഴയും വർദ്ധിക്കും. പുതിയ നിയമം അനുസരിച്ച്, പ്രായപൂർത്തിയാകാത്തയാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാൽ, രക്ഷിതാവിനോ കുടുംബാംഗങ്ങൾക്കോ 25,000 രൂപ വരെ പിഴ ചുമത്തും. കൂടാതെ, വാഹന ഉടമയുടെ രജിസ്ട്രേഷനും റദ്ദാക്കപ്പെടും.
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളില്‍ 2023-24 വര്‍ഷത്തില്‍ റെക്കോര്‍ഡ് പ്ലേസ്മെന്റ് ആണ് നടന്നതെന്ന് മന്ത്രി ആര് ബിന്ദു. ഏകദേശം 198 കമ്പനികളിലായി 4500ല്‍ അധികം പ്ലേസ്മെന്റാണ് ഡിപ്ലോമ എന്‍ജിനീയര്‍മാര്‍ നേടിയത്. സംസ്ഥാന പ്ലേസ്മെന്റ് സെല്‍ സംവിധാനത്തിന് കീഴിലാണ് വിവിധ വ്യവസായ സ്ഥാപനങ്ങള്‍ പോളിടെക്നിക് കോളേജുകളില്‍ ക്യാമ്പസ് പ്ലേസ്മെന്റ്സ് നടത്തിയതെന്നും മന്ത്രി അറിയിച്ചു.
തൃശൂരിൽ ജില്ലാ ആശുപത്രിക്ക് സമീപം വലിയ മരം പൊട്ടി വീണതിനെ തുടർന്ന് സെന്റ് തോമസ് കോളേജ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയുന്ന ജൂണ്‍ നാലിന് നാദാപുരം മണ്ഡലത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഡിവൈ.എസ്.പിയുടെ ഓഫീസില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.
ബെവ്റേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ.ഡി ക്ലർകായ കെ.ശശികുമാറാണ് മരിച്ചത്. 56 വയസായിരുന്നു. ഒൻപത് മാസമായി ശമ്പളം കിട്ടാത്തത് കൊണ്ടാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
കാസര്‍കോട് ജില്ലയിലെ ബന്തടുക്കയിലെ ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മംഗലത്ത് വീട്ടില്‍ രതീഷാണ് മരിച്ചത്. വീടിന് സമീപത്ത് സ്വന്തമായി വര്‍ക്ക്ഷോപ്പ് നടത്തുന്നയാളാണ് രതീഷ്. വര്‍ക് ഷോപ്പിന് സമീപത്തെ ഓടയില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്.
ബംഗാളിൽ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയിലേക്ക്. സുപ്രീംകോടതിയുടെ വേനൽ അവധിക്ക് ശേഷമായിരിക്കും ഹർജി ഫയൽ ചെയ്യുക. 2010 ന് ശേഷമുള്ള ഒബിസി സർട്ടിഫിക്കറ്റുകളാണ് കൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്.
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദിയധനം നൽകാനുള്ള ഒന്നരക്കോടി സൗദി റിയാൽ റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.
അരവിന്ദ് കെജ്രിവാളിൻ്റെ പിഎ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എഎപി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യം മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും സ്വാതി മലിവാൾ വ്യക്തമാക്കി. പോരാടാൻ തന്നെയാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.
രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അവർ ആദ്യം ഹേമന്ത് സോറനേയും പിന്നീട് തന്നെയും അറസ്റ്റ് ചെയ്തു. കെജ്രിവാളിനെ കള്ളക്കേസിൽ കുടുക്കിയാൽ ആരെ വേണമെങ്കിലും കള്ളക്കേസിൽ കുടുക്കാമെന്ന സന്ദേശമാണ് ബി.ജെ.പി സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ ഇന്ന് രാജിവെച്ചാൽ പിണറായി വിജയന്റേയും മമതാ ബാനർജിയുടേയും സർക്കാരുകളെ ബി.ജെ.പി താഴെയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തല്ക്കാലം ഇടപെടാതെ സുപ്രീംകോടതി. തിരഞ്ഞെടുപ്പ് പ്രക്രിയ രാജ്യത്ത് പുരോഗമിക്കുന്നതിനാല്‍ വിഷയം വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ബുർഖ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ദില്ലി ബിജെപി. നാളെ ദില്ലിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കത്ത് നല്‍കിയത്. കള്ളവോട്ട് തടയാൻ ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്നവരെയും, അവരുടെ തിരിച്ചറിയൽ രേഖകളും പരിശോധിക്കാൻ വേണ്ടത്ര വനിതാ ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തുകളിൽ വിന്യസിക്കണമെന്നും ബിജെപി കത്തിൽ ആവശ്യപ്പെടുന്നു.