ലൂസിഫര്‍ ചിത്രം നേടിയ വന്‍ വിജയത്തിനു പിന്നാലെയായിരുന്നു തെലുങ്ക് റീമേക്കിന്റെ പ്രഖ്യാപനം. ‘ഗോഡ്ഫാദര്‍’ എന്നു പേരിട്ടിരിക്കുന്ന ലൂസിഫര്‍ റീമേക്കിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിരഞ്ജീവിയാണ് നായകന്‍. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയും പൃഥ്വിരാജിന്റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക. ടോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. ചിരഞ്ജീവിയുടെ പിറന്നാളിന് തലേദിവസമാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തി വന്‍ ഹിറ്റായി മാറിയ സിനിമയാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതല്‍ മുടക്ക്. തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ദുല്‍ഖര്‍ സന്തോഷ വിവരം പങ്കുവച്ചത്. ഒപ്പം ‘കുറുപ്പി’ന്റെ സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിയെന്നും താരം അറിയിച്ചു. വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്റ്‌മെന്റസുമാണ് സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിക്കൊണ്ടുള്ള കരാറില്‍ ഒപ്പിട്ടത്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തിയത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നുഴഞ്ഞുകയറിയിരിക്കുന്ന 35 മാല്‍വെയര്‍ ആപ്ലിക്കേഷനുകളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകരായ ബിറ്റ്ഡിഫെന്‍ഡര്‍. ബാങ്കിങ് ആപ്പുകളിലും മറ്റും നുഴഞ്ഞുകയറി പണം നഷ്ടപ്പെടുത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങാന്‍ ഈ മാല്‍വെയറുകള്‍ക്ക് കഴിയും. അത്തരത്തിലുള്ള ആപ്പുകളാണ് ജിപിഎസ് ലൊക്കേഷന്‍ ഫൈന്‍ഡര്‍, ജിപിഎസ് ലൊക്കേഷന്‍ മാപ്പ്‌സ്, ഫാസ്റ്റ് ഇമോജി കീബോര്‍ഡ്, ക്രീയേറ്റ് സ്റ്റിക്കര്‍ ഫോര്‍ വാട്‌സാപ്പ്, ബിഗ് ഇമോജി – കീബോര്‍ഡ്, വാള്‍സ് ലൈറ്റ് – വാള്‍പേപ്പേഴ്‌സ് പാക്ക്, ഫോട്ടോപിക്‌സ് ഇഫക്റ്റുകള്‍ – ആര്‍ട്ട് ഫില്‍ട്ടര്‍, ക്യൂആര്‍ ക്രിയേറ്റര്‍, ഗ്രാന്‍ഡ് വാള്‍പേപ്പേഴ്‌സ് -3ഡി ബാക്ക്‌ഡ്രോപ്പ്‌സ്, സ്റ്റോക്ക് വാള്‍പേപ്പര്‍ – 4കെ & എച്ച്ഡി, എന്‍ജിന്‍ വാള്‍പേപ്പര്‍ -ലൈവ് ആന്‍ഡ് 3 ഡി, സ്മാര്‍ട്ട് ക്യൂആര്‍ സ്‌കാനര്‍, ക്യാറ്റ് സിമുലേറ്റര്‍, മീഡിയ വോളിയം സ്ലൈഡര്‍, പിഎച്ച്‌ഐ 4കെ വാള്‍പേപ്പര്‍ – ആനിമേഷന്‍ എച്ച്ഡി, മൈ ജിപിഎസ് ലൊക്കേഷന്‍, ഇമേജ് വാര്‍പ്പ് ക്യാമറ, ആര്‍ട്ട് ഗേള്‍സ് വാള്‍പേപ്പര്‍ എച്ച്ഡി, സ്മാര്‍ട്ട് ക്യൂആര്‍ ക്രിയേറ്റര്‍,എഫക്റ്റ്മാനിയ – ഫോട്ടോ എഡിറ്റര്‍, ആര്‍ട്ട് ഫില്‍ട്ടര്‍ – ഡീപ് ഫോട്ടോ ഇഫക്റ്റ്, കണക്ക് സോള്‍വര്‍ – ക്യാമറ ഹെല്‍പ്പര്‍, ലെഡ് തീം – കളര്‍ഫുള്‍ കീബോര്‍ഡ്, കീബോര്‍ഡ് – ഫണ്‍ ഇമോജി സ്റ്റിക്കര്‍, സ്മാര്‍ട്ട് വൈഫൈ, കളറൈസ് ഓള്‍ഡ് ഫോട്ടോ, ഗേള്‍സ് ആര്‍ട്ട് വാള്‍പേപ്പര്‍, വോളിയം കണ്‍ട്രോള്‍, സീക്രട്ട് ഹോറോസ്‌കോപ്പ്, സ്മാര്‍ട്ട് ജിപിഎസ് ലൊക്കേഷന്‍, ആനിമേറ്റഡ് സ്റ്റിക്കര്‍ മാസ്റ്റര്‍,പേഴ്‌സണാലിറ്റി ചാര്‍ജിംഗ് ഷോ,സ്ലീപ്പ് സൗണ്ട്‌സ്, സീക്രട്ട് ആസ്‌ട്രോളജി, കളറൈസ് ഫോട്ടോസ് തുടങ്ങിയവ. ഈ ലിസ്റ്റിലുള്ള ആപ്പുകളില്‍ ഏതെങ്കിലും നിങ്ങളുടെ ഹാന്‍ഡ്‌സെറ്റില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ഉടനടി നീക്കം ചെയ്യുക.
ചില രാജ്യങ്ങളിലെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ ദിവസം ഏകദേശം 5.7 മണിക്കൂര്‍ വരെ ആപ്പുകളില്‍ ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളെല്ലാം ആപ്പുകളില്‍ ദിവസം 4 മണിക്കൂറോ അതില്‍ കൂടുതലോ ചെലവഴിക്കുന്നവരാണ്. ഇന്തൊനേഷ്യയിലെയും സിംഗപ്പൂരിലെയും ഉപയോക്താക്കള്‍ ഇപ്പോള്‍ മൊബൈലില്‍ ദിവസം 5.7 മണിക്കൂര്‍ സമയം ചെലവഴിക്കുന്നുണ്ട്. ഇന്ത്യയില്‍ സ്മാര്‍ട് ഫോണ്‍ ഉടമകള്‍ 2021 ല്‍ പ്രതിദിനം ശരാശരി 4.7 മണിക്കൂറോളം സമയം ആപ്പുകള്‍ ഉപയോഗിച്ചു. 2020 ല്‍ ഇത് 4.5 മണിക്കൂറും 2019 ല്‍ 3.7 മണിക്കൂറും ആയിരുന്നു. മൊബൈല്‍ ആപ് അനലിറ്റിക്സ് പ്ലാറ്റ്ഫോമായ ആപ് ആനിയുടെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ പ്രതിദിനം ശരാശരി 4 മണിക്കൂറിലധികം ആപ്പുകളില്‍ ചെലവഴിച്ചു എന്നാണ്.
ടിയാഗോ നിരയില്‍ ടാറ്റ മോട്ടോഴ്സ് ഒരു പുതിയ എക്‌സ് ടി റിഥം വേരിയന്റ് അവതരിപ്പിച്ചു . 6.45 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയുള്ള എക്‌സ് ടി റിഥം വേരിയന്റിന് മിഡ് എക്‌സ് ടി ടോപ്പ് എക്‌സ്ഇസെഡ്+ വേരിയന്റുകള്‍ക്ക് ഇടയിലാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. വാഹനത്തിന് മുന്‍ ട്രിമ്മിനെ അപേക്ഷിച്ച് 30,000 രൂപ കൂടുതലാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി ടിയാഗോ എക്‌സ്ടി റിഥം വേരിയന്റ് എത്തുന്നത്. മെക്കാനിക്കലായി, ടാറ്റ ടിയാഗോയില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തുടരുന്നു. ഈ പെട്രോള്‍ മോട്ടോര്‍ 85 ബിഎച്ച്പിയും 113 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവലും എഎംടി യൂണിറ്റുമാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.
ലളിതമായ ആഖ്യാനരീതികളിലൂടെ മനുഷ്യജീവിതത്തിലെ സങ്കീര്‍ണമുഹൂര്‍ത്തങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്നവയാണ് യു.എ. ഖാദറിന്റെ കഥകള്‍. ആശുപത്രിജീവിതത്തിന്റെ വേദനകള്‍ പങ്കിടുന്ന കഥാലോകം എഴുത്തുകാരന്റെ ജീവിതം തന്നെയാണ്. ജീവിതം തന്നെ കഥയായി മാറുന്ന രാസപ്രക്രിയയിലൂടെ രൂപംകൊണ്ട കഥാപ്രപഞ്ചത്തില്‍നിന്ന് എഴുത്തുകാരന്‍ തന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തില്‍. ‘എന്റെ പ്രിയപ്പെട്ട കഥകള്‍’. എച്ചആന്‍ഡ്‌സി ബുക്‌സ്. വില 95 രൂപ.
പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കാണപ്പെടുന്ന മൂന്ന് ലക്ഷണങ്ങള്‍ ദില്ലിയില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കുവച്ചിരിക്കുകയാണ്. നെഞ്ചുവേദന, വയറിളക്കം, മൂത്രത്തിന്റെ അളവില്‍ കുറവ് എന്നിവയാണ് ഇത്തരത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ട മൂന്ന് ലക്ഷണങ്ങള്‍. ഇതില്‍ നെഞ്ചുവേദനയുടെ കാര്യത്തില്‍ ചില ആശങ്കകളും ഡോക്ടര്‍മാര്‍ തന്നെ പങ്കുവയ്ക്കുന്നുണ്ട്. ഹൃദയാഘാതത്തിന്റെ സൂചനയായും കൊവിഡ് രോഗികളില്‍ നെഞ്ചുവേദനയുണ്ടാകാം. അക്യൂട്ട് കൊറോണറി സിന്‍ഡ്രോം, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ അഥവാ ഹൃദയാഘാതം എന്നിവയെല്ലാം കൊവിഡ് രോഗികളില്‍ കൂടിവരുന്നുണ്ട്. നെഞ്ചുവേദന, മൂത്രത്തിന്റെ അളവില്‍ കുറവ്, വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ആദ്യം കാണുകയും പിന്നീട് കൊവിഡ് പൊസിറ്റീവ് കാണിക്കുകയും ചെയ്യുകയാണ്. ഒമിക്രോണ്‍ എന്ന വകഭേദവും അതിന്റെ ഉപവകഭേദങ്ങളുമാണ് ഇപ്പോള്‍ കൂടുതലും കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്. ഇതില്‍ തന്നെ പുതിയൊരു വകഭേദം കൂടി വന്നെത്തിയിട്ടുണ്ട്. ബിഎ 2.75 എന്നാണിതിനെ വിളിക്കുന്നത്. രോഗവ്യാപനം വളരെ വേഗത്തിലാക്കാന്‍ കഴിവുള്ള വകഭേദമാണിത്. എന്നാല്‍ ഇതിനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും രോഗതീവ്രത കാര്യമായി ഉയര്‍ത്താന്‍ കഴിവുള്ള വകഭേദമല്ലെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.