രാജ്യത്തെ മുന്‍നിര മള്‍ട്ടിപ്ലെക്സ് ചെയിനായ പി.വി.ആര് ഐനോക്സ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 130 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. എന്നിരുന്നാലും മുന്‍ വര്‍ഷം 333 കോടി രൂപയായിരുന്ന നഷ്ടം കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു. രണ്ടാം പാദത്തില്‍ ഷാരൂഖ് ഖാനിന്റെ ജവാന്, സണ്ണി ഡിയോളിന്റെ ഗദാര്‍ 2 എന്നിവ ബോക്സോഫീസിനെ ഉണര്‍ത്തിയത് നേരിയതോതില്‍ പി.വി.ആറിനും ഗുണമായി. മൂന്നാം പാദം വീണ്ടും മോശമായി. ലാഭം 20 ശതമാനം ഇടിഞ്ഞ് 12.8 കോടിയായി. ഇതിന്റെ തുടര്‍ച്ചയാണ് നാലാം പാദത്തിലും കണ്ടത്. തീയറ്ററുകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഋതിക റോഷന്-ദീപിക പദുക്കോണ്‍ ജോഡികളുടെ ബിഗ് ബജറ്റ് സിനിമയായ ഫൈറ്ററിന് കാണികളെ രസിപ്പിക്കാനായില്ല. ബോക്സ് ഓഫീസില്‍ 300 കോടി പ്രതീക്ഷിച്ച പടം നേടിയത് വെറും 200 കോടി മാത്രം. പടത്തിന്റെ മൊത്തം ചെലവായ 250 കോടി രൂപ പോലും ലഭിച്ചില്ല, ഇത് വീണ്ടും പി.വി.ആറിന് തിരിച്ചടിയായി. ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തീയറ്ററുകള്‍ അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുകയാണ് പി.വി.ആര്. ഐനോക്സ്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ 1,143.2 കോടി രൂപയില്‍ നിന്ന് 1,256.4 കോടിയായി. മൂന്നാം പാദത്തില്‍ വരുമാനം 1,545.9 കോടി രൂപയായിരുന്നു. പി.വി.ആര് ഐനോകിസിന്റെ ശരാശരി ടിക്കറ്റ് നിരക്ക് നാലാം പാദത്തില്‍ 233 രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 239 രൂപയായിരുന്നു. തൊട്ട് മുന്‍പാദത്തില്‍ 271 രൂപയും.