Screenshot 2024 02 27 20 21 14 990 com.android.chrome edit

തോട്ടം മേഖലയിൽ ഊർജ്ജിത പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്. ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അംഗൻവാടികൾ,കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ഇത് സംബന്ധിച്ച പുറത്തിറക്കിയ സർക്കുലറിൽ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യവും, യോഗ്യതയും മികവുമുള്ള അധ്യാപക സമൂഹവും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഉന്നത ഗുണനിലവാരമുള്ളതാക്കി മാറ്റുന്നു എന്ന്മന്ത്രി വി ശിവൻകുട്ടി. പട്ടം ഗവ മോഡൽ ഗേൾസ് എച്ച് എസ് എസിൽ നടന്ന സംസ്ഥാന തല അധ്യാപക സംഗമം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്.മലപ്പുറത്ത് പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കില്ലെന്ന മന്ത്രിയുടെ നിലപാട് കണ്ണടിച്ചിരുട്ടാക്കലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആവശ്യങ്ങൾ വരുമ്പോൾ ശബ്ദമുയർത്തുമെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പ്രതികരിച്ചു.

കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നിന്ന്ക്രൂരമായ മർദനo നേരിട്ടെന്ന് യുവതി. മർദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും, തലയിലും നെറ്റിയിലും മർദിച്ചെന്നും, ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു എന്നും യുവതി പറഞ്ഞു. തന്നെ ഭർത്താവ് രാഹുൽ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും വീട്ടിലുള്ള ആരും വഴക്കിൽ ഇടപ്പെടില്ല. എല്ലാ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടും മൊഴി പൂർണമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി ആരോപിച്ചു.വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി.

 

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍, യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അന്വേഷം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുനായി  വി ഡി സതീശൻ . പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച്ചയാണ്, പൊലീസ് നിസംഗരായി നോക്കി നിൽക്കുകയാണ് ചെയ്തത്. പരാതിയുമായി ചെന്ന പെൺകുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പൊലീസ് പരിഹസിക്കുകയാണ് ചെയ്തത്, പൊലിസ് ഇരയോടൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി. സത്യനാഥന്‍റെ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് കുറ്റപത്രത്തിലുള്ളത്. 2000 പേജുള്ള കുറ്റപത്രമാണ് കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. ഫെബ്രുവരി 22ന് രാത്രിയിൽ ക്ഷേത്രോത്സവത്തിനിടെയാണ് സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി സത്യനാഥൻ കൊല്ലപ്പെട്ടത്. സത്യനാഥനെ കൊലപ്പെടുത്തിയ പ്രതി അഭിലാഷ് പിന്നീട് പൊലീസിൽ കീഴടങ്ങിയിരുന്നു.

കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ ന്യായീകരിച്ച ഐഎഎസ് അസോസിയേഷന്റെ പ്രസിഡണ്ടിനെതിരെ പ്രതിഷേധം. കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്തിയ കളക്ടറെ ന്യായീകരിച്ചുകൊണ്ട് ബി അശോക് എഴുതിയ ലേഖനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിൻറ് കൗൺസിലും ഡോക്ടർമാരും രംഗത്തുണ്ട്. ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയതിൽ ചട്ടലംഘനമില്ലെന്നായിരുന്നു അശോകിന്റെ വാദം. ചാനൽ ചർച്ചയിൽ കളക്ടറെ വിമർശിച്ച ജോയിന്റ് കൗൺസിൽ നേതാവിനെതിരെയും ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അരുവിക്കര ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ ഇന്ന് വൈകീട്ട് 06.30 ന് 10 സെന്റിമീറ്റർ വീതം ഉയർത്തുo. സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന്ജില്ലാ കളക്ടർ അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്.

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരത്തിനെതിരായ നിലപാടിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക.നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു . പരിഷ്കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും.

സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ എടുത്തു കഴിഞ്ഞു . മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കണമെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വിജിലൻസ് മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലയിൽ പരിശോധന നടത്തി. മുണ്ടൂർ ഔട്ട്ലെറ്റിലെ ജീവനക്കാർക്ക് സ്വകാര്യ കമ്പനികളിലെ ജീവനക്കാർ നൽകിയ 8000 രൂപ പിടിച്ചെടുത്തു. കൂടാതെ സ്വകാര്യ മദ്യ കമ്പനി ജീവനക്കാരിൽ നിന്ന് പാലക്കാട് വിജിലൻസ് സംഘം മുണ്ടൂരിൽ വച്ച് രണ്ടു ലക്ഷത്തിലധികം രൂപയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പണം കൈമാറേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ അടങ്ങിയ ഡയറിയും മദ്യ കമ്പനി ജീവനക്കാരിൽ നിന്നും വിജിലൻസ് കണ്ടെടുത്തു.

സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ക്രമക്കേട് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസല്‍. ഈ തട്ടിപ്പ് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം സിപിഎം അറിവോടെ നടന്ന തട്ടിപ്പാണിതെന്നും, സെക്രട്ടറി മാത്രം വിചാരിച്ചാൽ ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് ബിജെപി നേതാവ് കെ ശ്രീകാന്തും വ്യക്തമാക്കി. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തിരുന്നു.

ആ‍ർഎംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ, പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. വാഹന ഉടമ തേഞ്ഞിപ്പലം ഒലിപ്രം സ്വദേശി സിബിൻലാലിന്‍റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.ഇയാളുടെ കാറുപയോഗിച്ച ആളുകളെ കുറിച്ച്  പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് . ഇവരുടെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറയുന്നു.

രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎംന് നഷ്ടപ്പെട്ടു. വിഭാഗീയത തുടർന്ന് പാര്‍ട്ടിയുമായി അകന്ന  പഞ്ചായത്ത് പ്രസിഡന്‍റ്  രാജേന്ദ്രകുമാറിനെതിരെ, 4 സിപിഎം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് കുട്ടനാട്ടില്  300 ലേറെ പേർ സിപിഎം വിട്ട് സിപിഐയിൽ ചേർന്നതിന് നേതൃത്വം കൊടുത്തത് രാജേന്ദ്രകുമാർ ആയിരുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു പക്ഷികളെ കൊല്ലുന്ന പ്രവൃത്തികൾ മറ്റെന്നാൾ തുടങ്ങും. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്‌ണൻ അറിയിച്ചു.

ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസി നിസ്‌കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങള്‍ കൊണ്ട് ചെയ്ത ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ പ്രസ്താവന തികച്ചും അപലപനീയമാണെന്നും എസ്.കെ. എസ്. എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. പെരുമാറ്റച്ചട്ടം എന്നത് മോദി കോഡ് ഓഫ് കണ്ടക്ട് ആയി മാറിയ അവസ്ഥയാണ് രാജ്യത്തുള്ളതെന്നും, മോദിയുടെ വിദ്വേഷ പരാമർശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്നും തൃണമൂൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കൂടാതെ ടി എം സി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കുകയും ചെയ്തു.

ദില്ലിയിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടക്കുകയാണ്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാർ ഉൾപ്പടെയുള്ള ആശുപത്രികൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇക്കഴിഞ്ഞ ഒന്നിന് ദില്ലിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി വന്നിരുന്നു. എന്നാല്‍ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.

നരേന്ദ്രമോദിയും ആർഎസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും ഈ ഭരണഘടന തകർക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. ബിജെപി ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചില്ല. 100 സ്മാർട്ട് സിറ്റികൾ നിർമ്മിക്കും എന്ന് പറഞ്ഞത്പാലിച്ചില്ല.ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം ആവുകയാണ്. റാണി ലക്ഷ്മിഭായിയുടെ കർമ്മഭൂമിയിൽ താൻ ഉറപ്പു നൽകുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എച്ച് ഡി രേവണ്ണ ജയിൽ മോചിതനായി. ജനപ്രതിനിധികളുടെ കേസുകൾ കേൾക്കുന്ന കോടതി ഇന്നലെ രേവണ്ണയ്ക്ക് കർശന ഉപാധികളുടെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നൽകിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു. ഇതോടെ ആറ് ദിവസമായി ജയിലിൽ കഴി‌ഞ്ഞ രേവണ്ണ കേസിൽ നിന്ന് പുറത്തുവന്നത്.

ദില്ലിയിലെ ആദായ നികുതി ഓഫീസിൽ തീപിടുത്തം. ഐടിഒ ഏരിയയിലെ ഇൻകം ടാക്സ് സി.ആർ ബിൽഡിങിൽ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവo. ആളപയാമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

കോയമ്പത്തൂരിൽ 26 പുള്ളിമാനുകളെ ബോലുവംപെട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്. വിഒസി മൃഗശാലയിൽ ആണ് ഇത്രയും നാൾ മാനുകളെ പാർപ്പിച്ചിരുന്നത്. 10 ആണ്‍ മാനുകളെയും 11 പെൺ മാനുകളെയും അഞ്ച് മാൻ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്‌വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത്.ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നിർദേശ പ്രകാരമാണ് മാനുകളെ വനത്തിലേക്ക് തുറന്നുവിട്ടത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന രാജ്യസഭാംഗം സ്വാതി മാലിവാള്‍ ഉന്നയിച്ച ആരോപണം ശരിവെച്ച്‌ ആം ആദ്മി പാര്‍ട്ടി. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കെജ്‌രിവാള്‍, വിഷയം ഗൗരവമായാണ് കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *