kerala

ഗവര്‍ണറും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി പ്രധിനിധി ഇല്ലാതെ വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പദവി മറന്ന് സിപിഎം പാര്‍ട്ടി കേഡറെ പോലെയാണ് പെരുമാറുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റി. രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സര്‍വകലാശാലകളില്‍ തിരുകിക്കയറ്റി. യോഗ്യതയുള്ളവരെ തഴഞ്ഞു. ഇത് അപമാനകരമാണ്. ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയാണു ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസില്‍ 16 പ്രതികളുണ്ട്.

മുംബൈ ഭീകരാക്രമണത്തോളം തീവ്രമായ ആക്രമണമുണ്ടാകുമെന്ന് മുംബൈ പൊലീസിനു പാക്കിസ്ഥാനിലെ ഫോണില്‍നിന്നു ഭീഷണി സന്ദേശം. ആറു പേര്‍ ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം മുംബൈ പൊലീസ് ട്രാഫിക് കണ്ട്രോള്‍ സെല്ലിനാണ് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിക്കുകയാണ്. ജാതി – ഭാഷ – മത വേര്‍തിരിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും വര്‍ധിച്ചു. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. ഗ്രാന്റ് വെട്ടിക്കുറയ്ക്കുന്നു. വികസനം തടയുന്നു. കേന്ദ്രത്തിന് എല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. ചാലപ്പുറം സ്വദേശി പി.പി ഷബീറിനെ വയനാട്ടില്‍നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനു ക്രൈംബ്രാഞ്ച് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

വടകര പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്‌ഐ നിജീഷ്, സിവില്‍ പൊലീസ് ഓഫിസര്‍ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സ്വര്‍ണ നിക്ഷേപ പദ്ധതിയുടെ മറവില്‍ നിക്ഷേപകരില്‍നിന്ന് കോടികള്‍ തട്ടിയെടുത്തു മുങ്ങിയ എസ് കുമാര്‍ ജ്വല്ലേഴ്സ് ഉടമ ശ്രീകുമാര്‍ പിള്ള മുംബൈയില്‍ അറസ്റ്റില്‍. മുംബൈ എല്‍ടി മാര്‍ഗ് പൊലീസാണ് അറസ്റ്റു ചെയ്തത്. ബിഎംഡബ്ല്യു കാറും മൂന്നു കോടി രൂപയും പ്രതിയില്‍നിന്ന് പിടിച്ചെടുത്തു. സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 4.22 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് താനെയിലെ 11 ഹോള്‍സെയില്‍ സ്വര്‍ണവ്യാപാരികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പു തുടങ്ങി. 35 വാര്‍ഡുകളിലേയ്ക്കാണ് വോട്ടെടുപ്പ്. തിങ്കളാഴ്ചയാണു വോട്ടെണ്ണല്‍.

കാലിക്കട്ട് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 25 നകം ഫീസടച്ച് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.

നെയ്യാറ്റിന്‍കരയില്‍ നാല്‍പ്പത്തഞ്ചുകാരന്‍ കഴുത്തറുത്ത നിലയില്‍. പഴയ ഉച്ചക്കടയക്കു സമീപം ചൂരക്കാട് സ്വദേശി ജോണ്‍ (45) ആണ് മരിച്ചത്. മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തതാണെന്നാണു സംശയിക്കുന്നത്.

കാറില്‍ 21.5 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ കുറ്റിപ്പുറം പൊലീസ് പിടികൂടി. ഗൂഡല്ലൂര്‍ നന്തട്ടി സ്വദേശികളായ സുമേഷ് മോഹന്‍ (32), ഷൈജല്‍ അഗസ്റ്റിന്‍ (45), കണ്ണൂര്‍ കതിരൂര്‍ സ്വദേശി ഫ്രാജീര്‍(42) എന്നിവരാണ് പിടിയിലായത്.

കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. മണിക്കൂറുകള്‍ക്കകം വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് വിഗ്രഹം കണ്ടെടുത്തത്.

മന്ത്രിയുടെ പരിപാടിക്കായി സ്‌കോച്ച് വിസ്‌കി ആവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വിവാദമായി. ഗുരുഗ്രാമിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ആയ സന്ദീപ് ലോഹന്‍ ഒരു മദ്യവില്‍പ്പന കേന്ദ്രത്തിലെ മാനേജരോടു സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് ഹരിയാനയില്‍ പുറത്തുവന്നത്. 15 വര്‍ഷം പഴക്കമുള്ള ഗ്ലെന്‍ഫിഡിച്ച് വിസ്‌ക്കിയുടെ ആറ് ബോട്ടിലുകള്‍ വേണമെന്നാണ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. മദ്യശാലിയുടെ ഉടമ ഓഡിയോ സഹിതമുള്ള പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കി.

ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്ഫോടനം. കനത്ത മഴയില്‍ നദികള്‍ കരവിഞ്ഞൊഴുകി. ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

വേളാങ്കണ്ണിയില്‍ പണമിടപാടുകാരനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. ടി വി ആര്‍ മനോഹറിനെയാണ് സുഹൃത്തുക്കളുടെ മുന്നിലിട്ട് മൂന്നംഗ സംഘം വെട്ടി നുറുക്കിയത്. ഹോസ്റ്റല്‍ അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങളുള്ള ആളാണ് മനോഹര്‍.

നടി നൂപൂര്‍ അലങ്കാര്‍ അഭിനയം നിര്‍ത്തി കാവിയുടുത്ത് സന്യാസ ജീവിതത്തിലേക്ക്. നടി ഇപ്പോള്‍ ഹിമാലയ യാത്രയിലാണ്. അലങ്കാര്‍ ശ്രീവാസ്തവയുമായുള്ള വിവാഹം ബന്ധം മോചിപ്പിച്ചശേഷമാണ് ആത്മീയ ജീവിതം തെരഞ്ഞെടുത്തതെന്ന് നൂപൂര്‍ അലങ്കാര്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *