ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ മറ്റൊരു ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യൂ ഐ5 എം60 എക്സ്ഡ്രൈവിന്റെ എക്സ് ഷോറൂം വില 1,19,50,000 രൂപയാണ്. പുതിയ കാര്‍ ആല്‍പൈന്‍ വൈറ്റില്‍ നോണ്‍-മെറ്റാലിക് പെയിന്റ് വര്‍ക്കുകളിലും എം ബ്രൂക്ലിന്‍ ഗ്രേ, എം കാര്‍ബണ്‍ ബ്ലാക്ക്, കേപ് യോര്‍ക്ക് ഗ്രീന്‍, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, സോഫിസ്റ്റോ ഗ്രേ, ഓക്സൈഡ് ഗ്രേ, മിനറല്‍ വൈറ്റ് എന്നിവ ഉള്‍പ്പെടുന്ന മെറ്റാലിക് പെയിന്റ് വര്‍ക്കുകളിലും ലഭ്യമാണ്. ഇത് രാജ്യത്തെ എല്ലാ ബിഎംഡബ്ല്യൂ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്. ഏറ്റവും മികച്ച എക്സിക്യൂട്ടീവ് സെഡാന് എന്ന വിശേഷണത്തോടെയാണ് കാര്‍ അവതരിപ്പിക്കുന്നത്. നൂറ് കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 3.8 സെക്കന്‍ഡ് മാത്രം മതി. 230 കിലോമീറ്ററാണ് പരമാവധി വേഗം. ആറ് എയര്‍ബാഗുകള്‍, അറ്റന്റ്റീവ്നെസ് അസിസ്റ്റന്‍സ് അടക്കം സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഡൈനാമിക് സ്റ്റബിലിറ്റി കണ്ട്രോളില് കോര്‍ണറിംഗ് ബ്രേക്ക് കണ്ട്രോള് (സിബിസി), ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ നിരവധി സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് വാഹനം പുറത്തിറങ്ങുക. മറികടന്ന കിലോമീറ്ററുകള്‍ കണക്കാക്കാതെ രണ്ട് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോടെയാണ് കാര്‍ വരുന്നത്. റിപ്പയര്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് മൂന്നാം വര്‍ഷം മുതല്‍ പരമാവധി അഞ്ചാം വര്‍ഷം വരെ വാറന്റി ആനുകൂല്യങ്ങള്‍ നീട്ടാനും സാധിക്കും. ഉയര്‍ന്ന വോള്‍ട്ടേജ് ബാറ്ററിക്ക് എട്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വരെയാണ് വാറന്റി ലഭിക്കുക.