പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം, ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന് കോടതി. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ കോടതി നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് അടുത്ത ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഉണ്ട്. മിൽമയിൽ നിന്ന് നെയ്യ്,ക്യാഷു കോർപ്പറേഷനിൽ നിന്ന് കശുവണ്ടി പരിപ്പ്,സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ.14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്. പഞ്ചസാരയും,ചെറുപയറും,തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.ഭക്ഷ്യ കിറ്റിന്റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു.
ഏത് ബിൽ സർക്കാർ പാസാക്കിയാലും ഗവർണർ ഒപ്പിടാതെ നിയമം ആകില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ .ഇത് സർക്കാരിന് ഉള്ള ഒരു മുന്നറിയിപ്പ് ആണ്. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വി സി ക്ക് എതിരെ ഗവർണർ ഉടൻ നടപടി സ്വീകരിക്കും എന്നും റിപ്പോർട്ടുകൾ . അതെ സമയം വി സി നിയമനത്തിൽ ചാൻസലറുടെ അധികാരം കവരുന്ന ബില്ലുമായി മുന്നോട്ട് പോകാൻ ആണ് സർക്കാരിന്റെയും നീക്കം.
ചേര്‍ത്തല സ്വദേശിനി രതികയ്ക്ക് പ്രായക്കുറവിന്റെ പേരിൽ ലൈഫ് പദ്ധതിയിൽ വീട് നിഷേധിച്ചെന്ന് പരാതി. 2020 ലാണ് രതിക ലൈഫ് മിഷനില്‍ വീടിന് അപേക്ഷ നല്‍കുന്നത്. ഗുണഭോക്താക്കളുടെ കരട് പട്ടികയില്‍ പതിനാറാം സ്ഥാനത്തായിരുന്നു ഇവർ. മകളുടെ രോഗാവസ്ഥ ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയതോടെ റാങ്ക് മൂന്നാം സ്ഥാനത്തായി.പിന്നീട് അന്തിമ പട്ടികയിൽ 148 ാം സ്ഥാനത്തേക്ക് വെട്ടിമാറ്റി. നൂറ് ശതമാനം മാനസിക ശാരീരിക വൈകല്യമുള്ള പതിമുന്ന് വയസുകാരിയായ മകള്‍ക്ക് അര്‍ഹതപ്പെട്ട വെയ്റ്റേജും വെട്ടിക്കുറച്ചു.
ദേശീയ പാതാ വികസനത്തിൽ കേരളത്തില്‍ ചില ജില്ലകളില്‍ പ്രശ്നങ്ങൾ ഉണ്ട് . അത് പരിഹരിച്ച് മുന്നോട്ട് പോകും. കേരളത്തിലാകെ 2025 ഓടെ ദേശീയ പാതാ വികസനം പൂര്‍ത്തിയാക്കാൻ ആകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ദേശീയ പാതാ വികസനത്തിനായി കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ 98 ശതമാനവും പൂര്‍ത്തിയായി. ഒന്‍പത് ജില്ലകളില്‍ അതിവേഗമാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. .. കാസര്‍കോട് ജില്ലയിലെ ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടെത്തി പരിശോധിച്ചു.
കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്.തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നല്കിക്കൊണ്ടായിരിക്കും ചർച്ച എന്ന് ഇന്നലെ ഗതാഗത മന്ത്രി പറഞ്ഞിരുന്നു.എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശന്പളം നൽകണം, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടിച്ചേൽപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ട് വെക്കുന്നത്. ചർച്ചയിൽ ഗതാഗത തൊഴിൽ മന്ത്രിമാർ പങ്കെടുക്കും.
‘നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു.അതിജീവിതയുടെ ഹർജി ഹൈക്കോടതിയിൽ. വിചാരണക്കോടതിക്കെതിരെ ആരോപണം. ദൃശ്യങ്ങൾ ഉള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം. എന്നാൽ, വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കോടതി ചോദിച്ചു.
കൊച്ചി കാക്കനാട് ഫ്ലാറ്റില്‍ യുവാവിനെ കൊല്ലപെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് ഇന്നലെ വൈകിട്ടെന്ന് പൊലീസ്. തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോൺ ഓഫായതെന്നും പൊലീസ് പറയുന്നു. അർഷാദിനായി ബന്ധുവീടുകളിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയിൽ ആണെന്നും എഫ് ഐ ആറിൽ പറയുന്നു. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.