പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിനുപിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി. എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ഇ .ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഉപഹർജി പരിഗണിക്കവേ ആണ്ഹൈക്കോടതി ഇഡിയോട് ഇക്കാര്യം നിർദ്ദേശിച്ചത്.
വിവാദമായ പുതുച്ചേരി വാഹന രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.
ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന് ഷിബു ബേബി ജോൺ കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മേഘാ എഞ്ചിനിയറിംഗ്,നവയുഗ എഞ്ചിനിയറിംഗ്, കൂടാതെ കിറ്റെക്സിൽ നിന്നും മുത്തൂറ്റിൽ നിന്നും പണം വാങ്ങി. യൂണിടെക്കും രണ്ടുതവണ പണം കൊടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഓഡിറ്റ് റിപ്പോർട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോൺ പറഞ്ഞത്.
643 കോടി രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കെല്‍ട്രോണിന്റെ വിറ്റുവരവെന്ന് മന്ത്രി പി രാജീവ്. കെല്‍ട്രോണിലെ എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് റെക്കോര്‍ഡിന് പിന്നില്‍. നേട്ടത്തിനായി പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി രാജീവ് അറിയിച്ചു.
പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ സുധാകരൻ. ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമാണ്. ബോംബുകൾ നിർമ്മിച്ച് ആളെ കൊല്ലാൻ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കൊലപാതക ഫാക്ടറികളാവുന്ന പാർട്ടി ഗ്രാമത്തിൽ ഒരു ജീവൻ കൂടെ പൊലിഞ്ഞിരിക്കുകയാണെന്ന് വടകര എംഎൽഎയായ കെ.കെ രമ. ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സിപിഎം മുക്തമാവുകയെന്നും, ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോൾ വടകര മണ്ഡലത്തിൽ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയിൽ നടക്കുന്നതെന്ന് രമ ആരോപിച്ചു. കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കെ കെ രമ.
പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസക്കിന്റേയും ആന്റോ ആൻറണിയുടെയും പത്രികകൾ അംഗീകരിച്ചുവെങ്കിലും സത്യവാങ്മൂലത്തിൽ ജില്ലാ കളക്ടര്‍ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യുഡിഎഫ് ചോദ്യം ചെയ്തതോടെയാണ് വിശദീകരണം തേടിയത്. അതോടൊപ്പം ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളിൽ വ്യക്തത വരുത്താനാണ് കളക്ടര്‍ ആവശ്യപ്പെട്ടത്.
ദൂരദർശനിൽ ഇന്ന് കേരള സ്റ്റോറി സിനിമ സംപ്രേഷണം ചെയ്യാനിരിക്കേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമയാണിതെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സിനിമ പ്രദർശനം സംശയാസ്പദമാണെന്നും സിപിഎം പറഞ്ഞു.
മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി ബി അനിതയ്ക്ക് വീഴ്ച പറ്റിയതിനാലാണ് ജോലിയിൽ തിരിച്ചെടുക്കാത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ശേഷം കോടതി പറയുന്നത് പോലെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വയനാട്ടിലെ ഹൈസ്കൂള്‍ മലയാളം അധ്യാപക നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പത്താം തീയതിക്കുള്ളില്‍ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനെ ജയിലില്‍ അയക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പു നൽകി.
കാസർകോട്ടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്.തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന് അഹമ്മദാണ് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
പാനൂരിൽ സ്ഫോടനമുണ്ടായ ബോംബ് നിർമാണ സംഘവുമായി പാർട്ടിക്കും തനിക്കും ബന്ധമില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട സംഘാംഗത്തിനൊപ്പമുള്ള ചിത്രത്തെകുറിച്ച് , പല പരിപാടികൾക്ക് പോകുമ്പോൾ പലരും ഫോട്ടോ എടുക്കാറുണ്ടെന്നാണ് ശൈലജ പ്രതികരിച്ചത്.
പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പത്ത് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്കെഎസ്ആര്ടിസി ചെയർമാൻ. സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം ജീവനക്കാര്‍ സ്വീകരിക്കണം. യാത്രക്കാരാണ് യജമാനന്മാര് എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ .’
സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി. 2,77,49,159 പേരാണ് അന്തിമ വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. അതേസമയം വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി.
സൈനിക സ്കൂളുകളുടെ രാഷ്ട്രീയവത്കരണത്തിൽ ആശങ്ക അറിയിച്ച് മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസത്തിൽ നീതി ഉറപ്പാക്കുന്നതിനും കേന്ദ്ര പ്രതിരോധ മന്ത്രി ഇടപെടണo .രാഷ്ട്രീയ ബന്ധമുള്ള സംഘടനകൾക്കും വ്യക്തികൾക്കും സൈനിക സ്കൂളുകളുടെ നടത്തിപ്പ് ചുമതല നൽകുന്നത് ആ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും സ്വയംഭരണാധികാരത്തെയും ബാധിക്കും എന്നും കത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെ 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നതിനിടെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. തൃശൂരിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം.
യുഎപിഎ ചുമത്തി ജയിലിൽ കഴിയുന്ന നാഗ്പുർ സർവ്വകലാശാല പ്രൊഫസർ ഷോമാസെന്നിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ജൂണിൽ അറസ്റ്റിലായ ഷോമാസെൻ അന്ന് മുതൽ തടവിലാണ്. വിവിധ രോഗങ്ങൾ കാരണമുള്ള അവശതകൾ അനുഭവിക്കുന്ന ഷോമാസെന്നിന് വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്ത്തകന് സായ് പ്രസാദ് എന്ന യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മറ്റ് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം.