മേപ്പടിയാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നതും ഉണ്ണി തന്നെയാണ്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യൃഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ തന്നെയാണ്. മനു മഞ്ജിത്ത് ആണ് ഗാനം എഴുതിയിരിക്കുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തില്‍ തന്റെ അച്ഛന്‍ അഭിനയിക്കുന്നുവെന്ന് മുന്‍പ് ഉണ്ണി മുകുന്ദന്‍ അറിയിച്ചിരുന്നു. മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്.
ആരാധകരെ ആവേശത്തിലാഴ്ത്തി ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റം യാഥാര്‍ത്ഥ്യമാകുന്നു. വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായാണ് ആരന്റെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. നെറ്റ്ഫ്ലിക്സിന് വേണ്ടിയാണ് ഇത്. അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകും. 2023 ആദ്യ പകുതിയോടെ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിനേതാക്കളുടെ ദൈനംദിന ജീവിതം പ്രമേയമാക്കുന്നതാണ് സീരീസ്. അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും സവിധാനം-തിരക്കഥ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കിയ ആര്യന്‍, കരണ്‍ ജോഹറിന്റെ ‘തഖ്ത്’നായി പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്നു. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച രണ്ടുതവണയായി 480 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒന്‍പതിന് ഈ മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിടുന്നതാണ് ദൃശ്യമായത്. ചൊവ്വാഴ്ച 38,360 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.
അമേരിക്കന്‍ മരുന്നുനിര്‍മ്മാണ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കുട്ടികളുടെ ടാല്‍ക്കം പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നു. 2023 ഓടേ ആഗോളതലത്തില്‍ കുട്ടികളുടെ ടാല്‍ക്കം പൗഡര്‍ വില്‍പ്പന പൂര്‍ണമായി നിര്‍ത്തുമെന്ന് കമ്പനി അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ ടാല്‍ക്കം പൗഡറിനെതിരെ ആയിരക്കണക്കിന് കേസുകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ധാന്യപ്പൊടികള്‍ ചേര്‍ത്തുള്ള കോണ്‍സ്റ്റാര്‍ച്ചിനെ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പൗഡറിലേക്ക് മാറാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ടാല്‍ക്കം പൗഡറിനെ അപേക്ഷിച്ച് കോണ്‍സ്റ്റാര്‍ച്ച് കൂടുതല്‍ സുരക്ഷിതമാണ്. രാസവസ്തുക്കള്‍ അടങ്ങിയതാണ് ടാല്‍ക്കം പൗഡര്‍. നിലവില്‍ കോണ്‍സ്റ്റാര്‍ച്ച് അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പൗഡറിന്റെ വില്‍പ്പന ലോകമൊട്ടാകെ തുടങ്ങിയതായും കമ്പനി അറിയിച്ചു. നിലവില്‍ 38000 കേസുകളാണ് കമ്പനി നേരിടുന്നത്.
ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ജനപ്രിയ മോഡലായ കോംപസ് എസ്‌യുവിയുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു പ്രത്യേക വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. ജീപ്പ് കോംപസ് അഞ്ചാം വാര്‍ഷിക പതിപ്പ് 1.4 എല്‍ മള്‍ട്ടിഎയര്‍ പെട്രോള്‍, 2.0 എല്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോട് കൂടിയ പെട്രോള്‍ പതിപ്പിന് 25.24 ലക്ഷം രൂപയാണ് വില. ഡീസല്‍ മാനുവല്‍, ഡിസിടി 4ഃ2 വേരിയന്റുകള്‍ക്ക് 24.44 ലക്ഷം രൂപയും ഡീസല്‍ ഡിസിടി 4ഃ4 പതിപ്പിന് 28.24 ലക്ഷം രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളുംഎക്‌സ്-ഷോറൂം വിലകല്‍ ആണ്.
1857 ലെ ഇന്ത്യന്‍ കലാപം സ്വാതന്ത്ര്യം എന്ന വികാരത്തെ ഇന്ത്യയിലെവിടെയും ഉണര്‍ത്തി വിട്ടു.അടിമത്തത്തിനെതിരെ അണിനിരക്കാന്‍ ആരെയും അത് ഉദ്ബോദിപ്പിച്ചു. ആലസ്യത്തില്‍ ആണ്ടുകിടക്കുന്ന ഇന്ത്യന്‍ ജനതയെ അത് വിളിച്ചുണര്‍ത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു സുവര്‍ണപാത വെട്ടിത്തുറന്നു. ‘ആദ്യ സ്വാതന്ത്ര്യ സമരത്തിന്റെ കഥ’. കെ രാധാകൃഷ്ണന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 161 രൂപ.
കാലുകളില്‍ ഉണ്ടാകുന്ന ചില നിറംമാറ്റങ്ങള്‍ കൊളസ്‌ട്രോളിന്റെ സൂചനയാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന അതെറോസ്‌ക്‌ളിറോസിസ് എന്ന പ്രശ്‌നമാണ് കാലിലെ നിറം മാറ്റത്തിനു കാരണം. കൊള്‌സട്രോള്‍ രക്തധമനികളില്‍ അടിഞ്ഞ് ഇവയിലൂടെയുള്ള രക്തയോട്ടത്തെ തടസപ്പെടുത്തുന്ന രോഗാവസ്ഥയാണ് അതെറോസ്‌ക്‌ളിറോസിസ്. കാലുകള്‍ അടക്കമുള്ള അവയവങ്ങളിലേക്കുള്ള രക്തവിതരണം ഇതുമൂലം തടസപ്പെടും. ചില സ്ഥലങ്ങളില്‍ രക്തം കട്ടപിടിക്കാനും ഈ രോഗം കാരണമാകും. കാലുകളിലേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോള്‍ ഇത് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. രക്തധമനികളില്‍ കൊഴുപ്പടിയുന്നതുമൂലം കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതിനെ പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ കാലുകളില്‍ വേദനയുണ്ടാകുന്നു. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കാത്ത പക്ഷം അക്യൂട്ട് ലിമ്പ് ഇസ്‌കെമിയ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. രോഗം കൂടുന്നതോടെ കാലിന്റെ നിറം മങ്ങുകയും നീല നിറമാവുകയും ചെയ്യും. നടക്കുമ്പോള്‍ തോന്നുന്ന വേദന കുറച്ചുനേരം ഇരുന്നു വിശ്രമിച്ചാല്‍ മാറുന്നതാണ്. കാലിന്റെ താഴെ മരവിപ്പ്, ദുര്‍ബലത, കാലുകളില്‍ പള്‍സ് ഇല്ലാത്ത അവസ്ഥ, ഇടുപ്പിലും തുടയിലും കാല്‍വണ്ണയിലും നടക്കുമ്പോഴോ പടികയറുമ്പോഴോ മസില്‍കയറ്റം, നഖത്തിന്റെ വളര്‍ച്ച മന്ദഗതിയിലാകല്‍, കാലില്‍ ഉണ്ടാകുന്ന മുറിവുകള്‍ കരിയാത്ത അവസ്ഥ, എഴുതുമ്പോഴോ തയ്ക്കുമ്പോഴോ കൈകള്‍ കൊണ്ട് മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ ഉണ്ടാകുന്ന വേദന, ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, മുടി കൊഴിച്ചില്‍, മന്ദഗതിയിലുള്ള മുടിവളര്‍ച്ച എന്നിവയെല്ലാം പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിന്റെ ലക്ഷണങ്ങളാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.68, പൗണ്ട് – 97.11, യൂറോ – 82.08, സ്വിസ് ഫ്രാങ്ക് – 84.57, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.75, ബഹറിന്‍ ദിനാര്‍ – 211.41, കുവൈത്ത് ദിനാര്‍ -259.99, ഒമാനി റിയാല്‍ – 206.94, സൗദി റിയാല്‍ – 21.21, യു.എ.ഇ ദിര്‍ഹം – 21.69, ഖത്തര്‍ റിയാല്‍ – 21.88, കനേഡിയന്‍ ഡോളര്‍ – 62.52.