ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ച ശേഷമേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സൂചന നല്‍കിയിരുന്നു. നാളെയാണ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനത്തിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന് സമിതി യോഗം ചേരുന്നത്.
105 കോടി രൂപ നികുതി കുടിശ്ശിക സംബന്ധിച്ചുള്ള ആദായ നികുതി അപ്പീല്‍ ട്രൈബ്യുണലിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. 105 കോടി രൂപ നികുതി കുടിശ്ശിക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരുന്നു. ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് .
അക്കൗണ്ടുകളിലെ പണം മരവിപ്പിച്ചാല്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നും തെരഞ്ഞെടുപ്പ് എങ്ങനെ സ്വതന്ത്രവും നീതിയുക്തമാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ അറിയിപ്പ് പോലും നല്‍കാതെ മരവിപ്പിച്ചതും 210 കോടി രൂപ പിഴയും ചുമത്തിയതും.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു നിതിന്‍ ഗഡ്കരി അടക്കം പ്രമുഖരെ ഉള്‍പ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കേരളത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
വൈദ്യുതി ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ചാര്‍ജ് കൂട്ടി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി. സ്ഥിതി ഗുരുതരമായതോടെ വൈദ്യുതി മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു. ബോര്‍ഡ് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വിലയ്ക്ക് അനുപാതികമായി സര്‍ചാര്‍ജ് കൂട്ടാനാണ് നീക്കം. യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷനെ സമീപിക്കും.
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30ആക്കി ഉയര്‍ത്തുന്നു. ഈ 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്സ് പരീക്ഷ പാസാകൂവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
പുല്‍വാമ സ്ഫോടനത്തില്‍ പാകിസ്ഥാന് എന്താണ് പങ്കെന്ന് ആന്റോ ആന്റണി എംപി. 42 ജവാന്മാരുടെ ജീവന് ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നും ആന്റോ ആന്റണി പറഞ്ഞു. സര്‍ക്കാര്‍ അറിയാതെ അത്രയും സ്ഫോടക വസ്തു പുല്‍വാമയില്‍ എത്തില്ലെന്ന് പലരും സംശയിച്ചുവെന്നും എന്നാല്‍ സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് ആണെന്നും ആന്റോ ആന്റണി പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയും ചെയ്ത പ്രസ്താവനയാണിതെന്നും ആന്റോയുടെ പാക്കിസ്ഥാന് അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികള്‍ വോട്ടിലൂടെ മറുപടി പറയുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പത്മജ വേണുഗോപാലിനെതിരായ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരം ഉണ്ടെന്നും ഒരു സ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത് ശരിയായ രീതിയല്ലെന്നും കോണ്‍ഗ്രസിന്റെ ആദരണീയനായ ലീഡറെ ഇതിലേക്ക് വലിച്ചിഴച്ചെന്നും ശൂരനാട് രാജശേഖരന് പറഞ്ഞു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ന്നതാണെന്ന് കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വി.ഡി.സതീശനും മറുപടി നല്കി.
അപകടരഹിതമായ സഞ്ചാരസ്വതന്ത്ര്യം ഉറപ്പാക്കാന്‍ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ആര്‍ച്ചുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ആര്‍ച്ചുകള്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കമ്മീഷന് ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
കേരള സര്‍വകലാശാല കലോത്സവത്തിലുയര്‍ന്ന അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് സംഘാടക സമിതി പരാതി നല്കി. സംഘാടകര്‍ക്കെതിരയും വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതെന്ന് എസ്എഫ്ഐ.
കേരളത്തില്‍ ഏറെ ആരാധകരുള്ള യതീഷ് ചന്ദ്ര ഐ പി എസ് കേരള സര്‍വീസിലേക്ക് മടങ്ങിയെത്തുന്നു. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി എസ് പിയായാണ് യതീഷ് ചന്ദ്ര തിരിച്ചെത്തുന്നത്. കര്‍ണാടകയില്‍ നിന്നും ഡെപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐ സി ടിയില്‍ നിയമിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. സ്ഫോടനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എന്‍ഐഎ അറിയിച്ചു. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മുംബൈയിലെ എട്ട് സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ പേര് ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നാകും.മറൈന്‍ ലൈന്‍ സ്റ്റേഷന്റെ പേര് മുംബൈ ദേവി സ്റ്റേഷന് എന്നാക്കി. അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്.
നിലവിലെ കപ്പലുകള്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ലെന്നും അതുകൊണ്ട് കോസ്റ്റ്ഗാര്‍ഡിലെ വനിത ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന് നല്‍കാനാകില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കിയത്. കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ കോസ്റ്റ് ഗാര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍, ഇതിനായി പുതിയ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി.
അരീക്കോട് ഫുട്ബാള്‍ മത്സരത്തിനിടെ കളി കാണാനെത്തിയവരില്‍ ചിലര്‍ ബ്ലാക്ക് മങ്കിയെന്നു വിളിച്ചുവെന്നും കല്ലെടുത്ത് എറിഞ്ഞുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നുവെന്നും ഐവറി കോസ്റ്റ് താരം ഹസന് ജൂനിയര്‍. കേരളത്തില്‍ കളിക്കാന്‍ ഭയമുണ്ടെന്നും സംഭവത്തില്‍ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നല്‍കുമെന്നും ഹസ്സന് പറഞ്ഞു. അതേസമയം ഹസന് ജൂനിയര്‍ മത്സരത്തിനിടെ കളി കാണാനെത്തിയ ചിലരെ ചവിട്ടിയെന്നും താരം നാട്ടുകാര്‍ക്കു നേരെ തിരിഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചതെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.