കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി അടുത്ത പത്തു ദിവസത്തിൽ ഇക്കാര്യം നൽകാൻ ആലോചിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇപ്പോൾ നൽകുന്ന തുക അടുത്ത കൊല്ലത്തെ സംഖ്യയിൽ ഉൾപ്പെടുത്താമെന്നും, ആലോചിച്ച് നാളെ അറിയിക്കാനും കോടതി നിർദ്ദേശം നൽകി. ഇതനുസരിച്ച് 5000 കോടി ഏപ്രിൽ ഒന്നിന് നൽകാമെന്ന് കേന്ദ്രം അറിയിച്ചു.
പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in എന്ന വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്കും, ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിനും അപേക്ഷ സമർപ്പിക്കണം. വ്യക്തിയുടെ പശ്ചാത്തലമടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ നീക്കം, അതോടൊപ്പം യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നാണ് സൂചന, നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടർ സമര പരിപാടികൾ തീരുമാനിക്കും. സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗും തീരുമാനിച്ചു. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹർജി നൽകും.
ബിജെപിയുടെ കപ്പൽ മുങ്ങാനായതോടെയാണ് പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തിരിക്കുന്നതെന്നും, ഇന്ത്യ ബിജെപിയോട് ഒരിക്കലും ക്ഷമിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കേന്ദ്രത്തിന്റെ വിഭജന അജന്‍ഡ സിഎഎയെ ആയുധവൽക്കരിച്ചുവെന്നും, ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന മനുഷ്യത്വത്തിന്റെ പ്രതീകമാകുന്നതിന് പകരം നിയമം മുസ്ലിങ്ങളോടും ശ്രീലങ്കൻ തമിഴരോടും വിവേചനം കാട്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തമിഴ്നാട്ടിൽ നിയമം നടപ്പാക്കില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് തമിഴക വെട്രിക് കഴകം നേതാവ് വിജയ് ആവശ്യപ്പെട്ടു. ജനങ്ങൾ ഒത്തൊരുമയോടെ ജീവിക്കുന്ന നാട്ടിൽ ഇത് അനുവദിച്ചു കൂടായെന്നും വിജയ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിന് പകരം ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ബഹിരാകാശത്ത് സ്വന്തമായ നിലയം നിർമിക്കാൻ നമ്മുടെ രാജ്യം ആലോചിക്കുന്ന കാലത്ത് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരിൽ ആളുകളെ തമ്മിലകറ്റുന്ന നിയമങ്ങൾ കൊണ്ടുവരുന്നത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ വലുപ്പം കുറയ്ക്കാനേ ഇടയാക്കൂ. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൗരത്വനിയമഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ നിയമവിദഗ്ധരുടെ സഹായം തേടിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ. എ റഹിം അറിയിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ചട്ടം തയ്യറാക്കി, നിയമം പ്രാബല്യത്തിലാക്കിയത് ഭരണഘടനതത്വങ്ങളോടുള്ള വെല്ലുവിളിയാണ്ണും, പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മതനിരപേക്ഷതയെ തകർക്കുമെന്നും റഹിം കൂട്ടിച്ചേർത്തു.
കുറ്റവാളികളെ മതം തിരിച്ച് ആക്ഷേപിച്ച സമീപനം മതേതര സ്വഭാവത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണെന്ന് ഇകെ വിഭാഗം സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. ഈരാറ്റുപേട്ട വിഷയം സംബന്ധിച്ച പ്രസ്താവനയില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും, വസ്തുതകള്‍ക്ക് നിരക്കാത്ത പരാമര്‍ശമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടും ഖേദം പ്രകടിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ താല്‍പ്പര്യം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചീഫ് ജസ്റ്റിസിനെ നിയമന സമിതിയില്‍ നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. സമവായത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് ഇല്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം. മോർച്ചറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേ എന്നും, രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചതെന്നും കോടതി ചോദിച്ചു. ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കും.
മുഹമ്മദ് ഷിയാസിനെതിരായ കേസ് നിയമ പരമായി നേരിടുമെന്നും, ഇന്ദിരയുടെ കുടുംബത്തിന്‍റെ സമ്മതത്തോടെയാണ് മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും എടുത്തതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ആക്രമണത്തില്‍ മരിച്ച നിരവിധി പേരുടെ കുടംബങ്ങള്‍ക്ക് ഇപ്പോഴും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കോൺഗ്രസിന്‍റെ സമരം മൂലമാണ് ഇന്ദിരയുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെ കോടതി വിമർശിച്ചതില്‍ പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍.
ഇടുക്കി പന്നിയാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ച് തകർത്തു. ചക്കക്കൊമ്പനാണ് ഇത്തവണ റേഷൻകട പൊളിച്ചത്. ഫെൻസിങ് തകർത്ത് അകത്തു കയറിയ ആന റേഷൻ കടയുടെ ചുമരുകൾ ഇടിച്ചുതകര്‍ത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തി. എഴുപത്തഞ്ച് ലക്ഷത്തോളം രൂപ കുടിശ്ശിക ഉണ്ടെന്നും അത് തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടേക്കും.
കേരള ഹൗസിലെ എൻജിഒ യൂണിയൻ നേതാവും ഫ്രണ്ട് ഓഫീസ് മാനേജറുമായ കെ എം പ്രകാശന് ഇരട്ട സ്ഥാനകയറ്റം നൽകി കണ്‍ട്രോളറായി നിയമിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കി. നാളെ ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് തിടുക്കത്തിലുള്ള ഉത്തരവ്.
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു. പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളി, കമ്പംമെട്ട് മൂങ്കിപ്പള്ളം, ഇരുപതേക്കര്‍, കൊച്ചറ ഓര്‍ത്തഡോക്‌സ് കുരിശുപള്ളികള്‍ എന്നിവയാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. കേസിൽ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കേരള സർവകലാശാല കലോത്സവം ഒട്ടേറെ പരാതികൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ ഇന്നലെ നിർത്തിവെക്കാൻ വിസി നിർദ്ദേശം നൽകിയിരുന്നു. പരാതികൾ തീർക്കാതെ മത്സരങ്ങൾ നടത്തേണ്ടെന്ന് തീരുമാനിച്ചതോടെ സമാപനസമ്മേളനവും ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ അഴിമതി ആരോപണം ശരിവയ്ക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്.
പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടിയാണ് സ്റ്റേഷനിൽ കുഴഞ്ഞ് വീണത്. യുവാവിന് പൊലീസിന്റെ മർദനമേറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്ന പൊലീസ് നായ കല്യാണിയുടെ മരണത്തിലെ ദുരൂഹത നീക്കി കെമിക്കൽ റിപ്പോർട്ട്. നായ ചത്തത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്നും മരണ കാരണം സെപ്റ്റിക് ഹെമറേജെന്നുമാണ് കെമിക്കൽ റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിലാണ് വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർ സംശയം പ്രകടിപ്പിച്ചത്. ദുരൂഹത നീങ്ങിയതോടെ മൂന്ന് പൊലീസുകാർക്കെതിരെ നേരത്തെ ശുപാർശ ചെയ്ത വകുപ്പ് തല നടപടി പിൻവലിച്ചേക്കും.
പാലക്കാട് തച്ചമ്പാറയിൽ ലോറി നിയന്ത്രണം വിട്ട് വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി. തച്ചമ്പാറ മുള്ളത്തുപാറയിൽ കാപ്പുമുഖത്ത് മുഹമ്മദ് റിയാസിന്‍റെ വാടക വീടിലേക്കാണ് ലോറി പാഞ്ഞ് കയറിയത്. വീട്ടുകാർ കിടന്നുറങ്ങുന്ന സമയമായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ അടുക്കള പൂർണ്ണമായും തകർന്നു.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നതെന്ന് സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാർ. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ ചന്തിരൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർ പട്ടാമ്പി സ്വദേശി ഇസ്മയിൽ മരിച്ചു. പുലർച്ചെ രണ്ടു മണിയോടെ ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുന്നിലാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോകുകയായിരുന്ന ലോറി ചന്തിരൂരിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു.
ഗുജറാത്ത് വിദ്യാപീഠത്തിന്റെ സംരക്ഷണയിലുള്ള മഹാത്മാ ഗാന്ധി ആദ്യമായി സ്ഥാപിച്ച കൊച്ച്രബ് ആശ്രമത്തിലെ പുനർ വികസന പ്രവർത്തനങ്ങളും, ഗാന്ധി ആശ്രമം സ്മാരകത്തിനായുള്ള മാസ്റ്റർ പ്ലാനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ആശയങ്ങൾ ഇന്ത്യയിലെ വരും തലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലാവും സ്മാരകത്തിന്റെ പ്രവർത്തനമെന്നും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.
തമിഴ്നാട്ടില്‍ ബസില്‍ നിന്ന് തെറിച്ചുവീണ നാല് വിദ്യാര്‍ത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ബസിന്‍റെ പടിയില്‍ നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടാർ രാജി വെച്ചു. ഗവർണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് സമർപ്പിച്ചത്. ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മനോഹര്‍ ലാല്‍ ഖട്ടാര്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്ന് സൂചനയുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെ തന്നെയുണ്ടായേക്കും.