ഇത് മുഹമ്മദ്കുഞ്ഞിയുടെ ആത്മകഥയല്ല, മറിച്ച് ഏകാന്തപഥികനായ ഒരു സഞ്ചാരിയുടെ കത്തുന്ന ഓര്‍മ്മകളാണ്. ഗള്‍ഫ് യാത്രയ്ക്കായി ഒരുങ്ങി പുറപ്പെടുന്നത് മുതല്‍ മുംബൈ എന്ന ഇടത്താവളത്തെക്കുറിച്ചും കുവൈറ്റിനെക്കുറിച്ചും ഓരോ ഇടങ്ങളിലെയും അത്ഭുതപ്പെടുത്തിയ കാഴ്ചകളെക്കുറിച്ചും ഈ പുസ്തകം ചരിത്രപശ്ചാത്തലത്തില്‍ പറയുന്നു. ഓര്‍മ്മകളുടെ മൂടുപടം നീക്കി അവ ചാരുതയോടെ വിവരിക്കുമ്പോള്‍ ഈ കൃതി ഒരു ചരിത്രപുസ്തകമാകുന്നു. ധാരാവിയും റെഡ് സ്ട്രീറ്റും തുടങ്ങി മുംബൈ എന്ന മഹാനഗരത്തിലെ ഓര്‍മ്മകള്‍ ഉലയില്‍ ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങുന്നു. കുവൈറ്റിലെ തിളയ്ക്കുന്ന മരുഭൂമിയും അലയൊടുങ്ങാത്ത മരുക്കാറ്റും മണല്നഗരവും പിന്നെ അവിടെ കണ്ടുമുട്ടിയ കുറെ മനുഷ്യരെയും തന്റെ ജീവിതവുമായി കുട്ടിയാനം മുഹമ്മദ്കുഞ്ഞി കൂട്ടിയിളക്കുന്നത് ഒരു വറചട്ടിയിലാണ്. പൊള്ളിക്കുന്ന, അസാധാരണമായ ഒരു വായനാനുഭവമാണ് അനുവാചകര്‍ക്കായി ഗ്രന്ഥകാരന് വച്ചുനീട്ടുന്നത്. ‘ഒരു പ്രവാസിയുടെ മണല്‍രേഖകള്‍’. കുട്ടിയാനം മുഹമ്മദ് കുഞ്ഞി. ഗ്രീന്‍ ബുക്സ്. വില 204 രൂപ.