ഇടമലയാര്‍ ഡാം തുറന്നു. ജല നിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. ഡാമുകൾ തുറന്ന സാഹചര്യത്തിൽ നദികളിലും കൈവഴികളിലും വെള്ളം പൊങ്ങാൻ സാധ്യതയുണ്ട്. വെള്ളം ഒഴുക്ക് ശക്തമായിരിക്കും . അതിനാൽ ആരും നദികളിൽ ഇറങ്ങുകയോ നീന്താനോ കുളിക്കാനോ നദിക്കരയിൽ കാഴ്ച കാണാൻ നിൽക്കണോ പാടില്ല എന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
ഗവർണ്ണർ ഒപ്പിടാത്ത ഓർഡിനൻസുകൾ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകളിൽ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ഗവർണറോട് സർക്കാർ ഏറ്റുമുട്ടൽ നിലപാട് സ്വീകരിച്ചിട്ടില്ല. ഒരു അസാധാരണ സാഹചര്യവും ഇവിടെ നിലനില്കുന്നില്ല എന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു.
ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു. ഇടുക്കിയിൽ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളിൽ വെള്ളം കയറി. ഇന്ന് രാവിലെ പത്ത് മണിയോടെ കൂടുതൽ വെളളം ഒഴുക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നതാണ്.വീടുകളിൽ വെളളം കയറിയതോടെ ഇനി കൂടുതലായി വെള്ളം ഒഴുക്കണോ എന്നതിൽ വീണ്ടും യോഗം ചേർന്നാകും അന്തിമ തീരുമാനമെടുക്കുക.
പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടിയിരിക്കേ പ്രിയയുടെ ഡെപ്യൂട്ടേഷൻ നീട്ടി നൽകി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് നീട്ടിയത്. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറായി നൽകിയ നിയമനം ചട്ട വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഗവർണർക്ക് ലഭിച്ച പരാതി.
സംസ്ഥാനത്ത് തീവ്ര ന്യൂനമർദ്ദ സാധ്യത വീണ്ടും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ശക്തികൂടിയ ന്യൂനമർദ്ദം, തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുള്ളതിനാൽ കേരളത്തിൽ മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വർണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശി യുവാവിനെ ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പന്തിരിക്കര സ്വദേശി ഇര്‍ഷാദ് വധക്കേസിലെ മുഖ്യ പ്രതി നാസർ എന്ന സ്വാലിഹുമായി ബന്ധമുളള സംഘമാണ് സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം.സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ് നാട്ടിലെത്തിയിട്ടുണ്ട്.
മുത്തങ്ങ ചെക്പോസ്റ്റില്‍ വന്‍കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് വാഹന പരിശോധനയിൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൈസൂര്‍ ജില്ലയില്‍, നഞ്ചന്‍കോട് 13 ക്രോസ്സ് സ്വദേശി എന്‍. ചേതന്‍ (40) പിടിയിലായി. ഇയാള്‍ പണം കടത്താന്‍ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.