മദ്യത്തിനു ലിറ്ററിനു പത്തു രൂപ വര്‍ധിപ്പിച്ചു. റബറിന്റെ താങ്ങുവില പത്തു രൂപ കൂട്ടി 170 രൂപയില്‍നിന്ന് 180 രൂപയാക്കി. ക്ഷേമപെന്‍ഷന്‍ 1600 രൂപയായി തുടരും. കുടിശിക ഏപ്രില്‍ മുതല്‍ കൊടുത്തു തുടങ്ങും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദേശങ്ങള്‍. 1.38 ലക്ഷം കോടി രൂപ വരവും 1.84 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയിലെ ആറു ഗഡു കുടിശികയില്‍ ഒരു ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചു. കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചു.
വികസനത്തിന് ചൈനീസ് മോഡല്‍ നടപ്പാക്കുമെന്നും കേന്ദ്ര അവഗണന തുടര്‍ന്നാല്‍ നേരിടാന്‍ കേരളത്തിന്റെ പ്ലാന്‍ ബി നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ചൈനയിലെ രീതി പിന്തുടര്‍ന്ന് പ്രവാസി മലയാളികള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് സോണ്‍ കൊണ്ടുവരും. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കുന്ന പദ്ധതികള്‍ കൊണ്ടുവരും. മൂന്നു വര്‍ഷത്തിനകം മൂന്നു ലക്ഷം കോടി രൂപയുടെ വികസനം നടപ്പാക്കും. വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ തുറക്കും. സിയാല്‍ മോഡലില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരും. കേരളത്തെ മെഡിക്കല്‍ ഹബ്ബ് ആക്കി മാറ്റും.
സംസ്ഥാന ബജറ്റില്‍ റവന്യൂ കമ്മി 27,846 കോടി രൂപ. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനമാണിത്. ധനക്കമ്മി 44,529 കോടി രൂപ. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനമാണിത്. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധന ലക്ഷ്യമിടുന്നു. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തി.
കാര്‍ഷിക മേഖലയ്ക്ക് ആകെ 1698 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. മൃഗസംരക്ഷണത്തിന് 277.14 കോടിരൂപയും നാളികേരം വികസനത്തിന് 65 കോടി രൂപയും സുഗന്ധ വ്യഞ്ജന മേഖലയ്ക്ക് 4.6 കോടി രൂപയും നീക്കിവച്ചു. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാന്‍ 36 കോടിയും ക്ഷീര വികസനത്തിന് 109.25 കോടി രൂപ, മൃഗ പരിപാലനത്തിനും വിളപരിപാലനത്തിനും 535.90 കോടി രൂപവീതം, വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78 കോടി രൂപ, കാര്‍ഷിക സര്‍വ്വകലാശാലക്ക് 75 കോടി രൂപ, ഉള്‍നാടന്‍ മത്സ്യ ബന്ധന മേഖലയ്ക്ക് 80 കോടി രൂപ.
സംസ്ഥാനത്തിന്റെ മൊത്തം ചെലവ് മൂന്നു വര്‍ഷത്തിനിടെ 30,000 കോടി രൂപ വര്‍ധിച്ചു. 2020 21 ല്‍ 1,38,884 കോടി രൂപയായിരുന്ന മൊത്തം ചെലവ് 2022 – 23 ല്‍ 1,58,838 കോടി രൂപയായി വര്‍ധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം അത് 1,68,407 കോടി രൂപയായി ഉയരും.വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍ ഒരു ധന പ്രതിസന്ധിയും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം പുതിയ പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. മറ്റു സംസ്ഥാനങ്ങള്‍ അവതരിപ്പിച്ച പദ്ധതി പഠിക്കും. അടുത്ത സാമ്പത്തിക വര്‍ഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ സമയബന്ധിതമാക്കാന്‍ നടപടി സ്വീകരിക്കും. ക്ഷേമപെന്‍ഷന്‍ സമയബന്ധികമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
‘തകരില്ല കേരളം, തളരില്ല കേരളം. കേരളത്തെ തകര്‍ക്കാന്‍ കഴിയില്ല’ എന്നു പറഞ്ഞുകൊണ്ടാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്നത്തെ കേരളം മാറി. കേരളത്തിന്റെ സമ്പത്ഘടന ‘സൂര്യോദയ’ സമ്പത്ഘടനയായി മാറി. ധനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റേത് ശത്രുത മനോഭാവമാണ്. കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് കേന്ദ്രം തള്ളിവിടുകയാണ്. കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍ വികസനം അവഗണിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ കേരളം പിന്നോട്ടുപോകില്ല. ക്ഷേമ പെന്‍ഷന്‍കാരെ മുന്‍ നിര്‍ത്തി മുതലെടുപ്പിനു ശ്രമം നടക്കുന്നുണ്ട്. കേരള മാതൃക വികസനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനകളാണ് നടക്കുന്നത്. പറഞ്ഞും എഴുതിയും കേരളത്തെ തോല്‍പ്പിക്കരുതെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.
സര്‍ക്കാര്‍ പണം ധൂര്‍ത്തടിയിക്കുകയാണെന്ന വിമര്‍ശനത്തിനെതിരെ തുറന്ന ചര്‍ച്ചയ്ക്കു തയ്യാറെന്ന് ധനമന്ത്രി. മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന സര്‍ക്കാരിന്റെ പ്രസ്താവനയ്ക്കു മറവില്‍ കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്നും സംസ്ഥാനം പാപ്പരാണെന്നും പ്രചരിരപ്പിക്കുന്നതു ദുരുദ്ദേശപരമാണ്. ധനമന്ത്രി പറഞ്ഞു.
മദ്യത്തിന് ലിറ്ററിന് 10 രൂപ വിലവര്‍ധന ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഗല്‍വനേജ് ഫീസിനത്തില്‍ ഏര്‍പ്പെടുത്തിയ എക്‌സൈസ് തീരുവയിലൂടെ 200 കോടി രൂപ കൂടുതല്‍ സമാഹരിക്കും. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചതിലൂടെ 50 കോടി രൂപയുടെ അധിക വരുമാനമുണ്ടാകും.
കെ റെയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നു ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസുകള്‍ വന്നതോടെ കെ റെയിലിന്റെ പ്രധാന്യം എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകും.
2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും. നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി. കുടുംബശ്രീയ്ക്ക് 265 കോടി. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി. പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയില്‍ അഞ്ചു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ. ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.
കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഗതാഗത മേഖലയ്ക്ക് 1976.04 കോടി. വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി. ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി.
കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം. നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി. സഹകരണ മേഖലയ്ക്ക് 134.42 കോടി. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി. ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടങ്ങി. കരിമണല്‍ കമ്പനിയായ സിഎംആര്‍എലിന്റെ ആലുവ കോര്‍പറേറ്റ് ഓഫീസില്‍ ഓഫീസില്‍ പരിശോധന ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിനാണ് പരിശോധന.
ചാലക്കുടി വ്യാജ ലഹരിമരുന്നു കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരം നല്‍കിയത് തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണദാസാണെന്നു കണ്ടെത്തി. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്താണ് ഇയാള്‍. ഇയാളെ പ്രതിയാക്കി തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇയാളോട് വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളം പെരുമ്പാവൂരില്‍ കോളജ് ബസും ലോറിയും കൂട്ടിയിടിച്ച് 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണു പരിക്കേറ്റത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്. ലോക്‌സഭയിലെ എല്ലാ ബിജെപി എംപിമാരും സഭയില്‍ ഹാജരുണ്ടാകണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കി.
കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗ് രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും. ദില്ലി കോടതിയുടെ അനുമതിയോടെ പൊലീസ് കാവലോടെയാണ് സഞ്ജയ് സിംഗ് സത്യപ്രതിജ്ഞയ്ക്ക് എത്തുക.
ചെന്നൈ – തിരുനെല്‍വേലി വന്ദേഭാരത് ട്രെയിനിനു നേരെ ആക്രമണം. കല്ലേറില്‍ ട്രെയിനിന്റെ ഒമ്പതു കോച്ചുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രാത്രി പത്തരയോടെ തിരുനെല്‍വേലി വാഞ്ചി മണിയാച്ചിയിലാണു കല്ലേറുണ്ടായത്.
ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ആരോപണം ഉന്നയിച്ച യുട്യൂബറായ യുവതിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും വ്യാജ കത്തുകള്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ച യുട്യൂബറായ ദീപ്തി ആര്‍ പിന്നിതിക്ക് എതിരേയാണ് കുറ്റപത്രം.