അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് 11 ദിവസത്തെ വ്രതാനുഷ്ഠാനം ആരംഭിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമമായ എക്‌സില്‍ മോദിതന്നെയാണ് ഇക്കാര്യം വെളിപെടുത്തിയത്. ഇന്നു മുതല്‍ പതിനൊന്ന് ദിവസം വിശേഷ വ്രതം അനുഷ്ഠിക്കുമെന്നാണ് മോദി കുറിച്ചത്. ഇന്ത്യക്കാരുടെ മുഴുവന്‍ പ്രതിനിധിയായി പ്രാണപ്രതിഷ്ഠ നടത്താന്‍ ദൈവമാണു തന്നെ തെരഞ്ഞെടുത്തതെന്നും മോദി കുറിപ്പില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടുത്ത മാസം തിരുവനന്തപുരത്തേക്കും കൊണ്ടുവരാന്‍ ബിജെപി നീക്കം. മോദിയെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ ഏതാനും ലോക്‌സഭാ സീറ്റുകള്‍ പിടിക്കാനാണു ബിജെപി കളമൊരുക്കുന്നത്. ജനുവരി മൂന്നിനു തൃശൂരില്‍ റോഡ് ഷോ നടത്തിയ മോദി അടുത്തയാഴ്ച കൊച്ചിയിലും റോഡ് ഷോ നടത്തുന്നുണ്ട്. അടുത്ത മാസം തിരുവനന്തപുരത്തും മോദിയെ എത്തിച്ച് റോഡ് ഷോ നടത്താനാണ് ബിജെപിയുടെ ശ്രമം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണം പാലിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. മൂന്നിലൊന്ന് സീറ്റുകളില്‍ വനിതാ സംവരണം നടപ്പാക്കണമെന്നാണു ഹര്‍ജി. നേരത്തെ സമാനഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചിരുന്നു. പ്രധാനഹര്‍ജിയില്‍ കക്ഷിയാകാന്‍ സുപ്രീം കോടതി മലയാളി അഭിഭാഷകയായ യോഗമായക്ക് അനുമതി നല്‍കി.
ശബരിമലയില്‍ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിന് ആയിരങ്ങള്‍. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് എരുമേലിയില്‍ പേട്ട തുള്ളുന്നത്. വാദ്യമേളങ്ങള്‍ക്കൊപ്പം പേട്ടതുള്ളിയെത്തിയ സംഘത്തെ വാവരു പള്ളിയില്‍ വരവേറ്റു.
മകരവിളക്ക് ദിവസമായ 15 ന് അയ്യപ്പവിഗ്രത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളത്തുനിന്ന് പുറപ്പെടും. 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി. വാസുദേവന്‍ പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പുണ്ടെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദന്‍. ആള്‍ക്കൂട്ടത്തെ സമൂഹമാക്കി മാറ്റാന്‍ കഴിയണം. വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതിയല്ല. വ്യക്തിപൂജ ഉണ്ടാകുമ്പോള്‍ നേതാക്കള്‍ അതു തിരുത്തണം. ഒരാളെയോ സന്ദര്‍ഭത്തെയോ എം ടി ചൂണ്ടിപ്പറഞ്ഞിട്ടില്ലെന്നും സച്ചിദാനന്ദന്‍.
എംടി വാസുദേവന്‍ നായരുടെ പ്രസംഗത്തില്‍ ആരേയും വിമര്‍ശിച്ചതല്ലെന്നും യാഥാര്‍ത്ഥ്യം പറഞ്ഞത് ആത്മവിമര്‍ശനത്തിനാണെന്നും എംടി പറഞ്ഞെന്ന് എഴുത്തുകാരന്‍ എന്‍.ഇ. സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ്. പ്രസംഗം വിവാദമായിരിക്കേയാണ് എംടി ഇങ്ങനെ പറഞ്ഞതെന്നും സുധീര്‍ വ്യക്തമാക്കി.
എംടിയുടെ പ്രസംഗത്തിലെ വിമര്‍ശനം പിണറായി വിജയനും നരേന്ദ്ര മോദിക്കും എതിരേയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംടിയുടെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ കണ്ണു തുറപ്പിക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു.
എംടിയുടെ വിമര്‍ശനം കേന്ദ്രത്തിനെതിരെയാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമര്‍ശിക്കില്ല. വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. പ്രസംഗത്തെ ഇടതുപക്ഷ വിരുദ്ധര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ജയരാജന്‍ പറഞ്ഞു.
എംടി ഉദ്ദേശിച്ചത് പിണറായി വിജയനെയാണെന്ന് കോണ്‍ഗ്രസ്‌നേതാവ് കെ.മുരളീധരന്‍ എംപി. അക്കാര്യം ജയരാജനും മനസിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാല്‍ പണി പോകുമെന്ന പേടിയാണ് ജയരാജനെന്നും മുരളീധരന്‍.
ഒത്തിരി നാളുകള്‍ക്കുശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനില്‍ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നതെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. എംടിയുടെ പ്രസംഗത്തെ പരാമര്‍ശിച്ചാണ് മെത്രാപ്പോലീത്ത ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കളക്ടറേറ്റിലേക്കു കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.
അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ എന്‍ഐഎ പിടികൂടിയത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് സവാദ് എന്നു രേഖപ്പെടുത്തിയതുകൊണ്ട്. കാസര്‍കോട്ട് വിവാഹ സമയത്ത് നല്‍കിയ പേര് ഷാജഹാന്‍ എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് യഥാര്‍ത്ഥ പേരാണ്. മംഗല്‍പ്പാടി പഞ്ചായത്ത് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റിലാണ് എം എം സവാദ് എന്ന് രേഖപ്പെടുത്തിയത്.
സമസ്തയുടെ പണ്ഡിതരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന് സ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിലാണ് വിവാദ പ്രസംഗം.
തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് ഇറക്കി. മുകളിലത്തെ നില തുറന്നതാണ്. പത്മനാഭസ്വാമിക്ഷേത്രം, ഭീമപള്ളി, ശംഖുമുഖം, പാളയം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ ബസ് സര്‍വീസ് നടത്തും. ഈ മാസം അവസാനത്തോടെ സര്‍വീസ് തുടങ്ങും.
കോട്ടയം അടിച്ചിറയില്‍ വീട്ടില്‍ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി. അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നതായി പോലീസ്.
കൊല്ലത്ത് രണ്ടു മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. പട്ടത്താനം ചെമ്പകശ്ശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ് (41) മകന്‍ ദേവനാരായണന്‍ (9) മകള്‍ ദേവനന്ദ (4) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊട്ടക്കിണറ്റില്‍ വീണ രണ്ടു പന്നികളെ വെടിവെച്ചുകൊന്നു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല സുശീലന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് പന്നികള്‍ വീണത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഷൂട്ടര്‍മാര്‍ എത്തി രാത്രി എട്ടരയോടുകൂടി കിണറ്റില്‍ വച്ചുതന്നെ പന്നികളെ വെടിവച്ച് കൊല്ലുകയായിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നിയമിക്കാനുള്ള ഉന്നതാധികാര സമിതിയില്‍നിന്ന് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു. കോണ്‍ഗ്രസ് നേതാവ് ജയതാ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി നിയമഭേദഗതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നാണ് കോടതി നിലപാടെടുത്തത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര വെറും ടൂറിസ്റ്റു യാത്രയാണെന്നും ടൂറിസ്റ്റുകളെ തടയില്ലെന്നും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. യാത്രക്കായി കോണ്‍ഗ്രസ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈവേയിലൂടെ യാത്ര നടത്താം. ഗോഹട്ടി നഗരത്തില്‍ രാവിലെ എട്ടിനു മുന്‍പ് നടത്തണം. കൂടാതെ അധ്യയന ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൗണ്ട് വിട്ടുനല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിഎംകെ നേതാവും സ്‌പോര്‍ട്‌സ് മന്ത്രിയുമായ ഉദയനിധിയെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹം. അടുത്ത മാസം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദേശത്തേക്കു പോകുന്നതിനു മുമ്പേ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നാണ് നേതാക്കള്‍ക്കിടയിലെ സംസാരം. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന യോഗങ്ങളില്‍ ഇപ്പോള്‍തന്നെ മകനെയാണ് അധ്യക്ഷനാക്കുന്നത്.
മുംബൈ വിമാനത്താവളത്തില്‍ 40 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി 21 കാരി തായ്‌ലന്‍ഡ് വനിത അറസ്റ്റിലായി.
എത്യോപിയയിലെ അഡ്ഡിസ് അബാബയില്‍ നിന്നും മുംബൈയിലേക്കു വന്ന യുവതിയുടെ ബാഗില്‍നിന്ന് കൊക്കെയ്ന്‍ ആണു പിടികൂടിയത്.
ചെങ്കടലില്‍ കപ്പലുകള്‍ക്കെതിരേ ആക്രമണം നടത്തുന്ന യെമനിലെ ഹൂതികള്‍ക്കു നേരെ അമേരിക്കയുടേയും ബ്രിട്ടന്റേയും ആക്രമണം. ഹുതികേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്നു വെളിപെടുത്തിയിട്ടില്ല. ഒരു വര്‍ഷത്തിനിടെ 27 കപ്പലുകള്‍ക്കെതിരേയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാപുവ ന്യൂ ഗിനിയയില്‍ കലാപത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ശമ്പളം പകുതിയാക്കിയതിനെതിരെ പൊലീസുകാര്‍ സമരത്തിനിറങ്ങിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആളുകള്‍ കടകള്‍ കൊള്ളയടിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവുംമൂലം ഈ പസഫിക് ദ്വീപ് രാജ്യം ദുരിതത്തിലാണ്.
സാംബിയയില്‍ കോളറ ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കടന്നു. 7500 പേരാണ് ചികിത്സയിലുള്ളത്. അണുബാധയില്ലാത്ത ശുദ്ധ ജലത്തിനായി ആളുകള്‍ ഗ്രാമങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് സാംബിയന്‍ പ്രസിഡന്റ് ഹകൈന്‍ഡെ ഹിചിലേമ ആഹ്വാനം ചെയ്തു.
അടിയന്തരാവസ്ഥ നിലവിലുള്ള ഇക്വഡോറില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നേരിടാന്‍ സൈന്യത്തെ ഇറക്കി. 300 ലധികം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 14 പേര്‍ കൊല്ലപ്പെട്ടു.
ഗാംബിയ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിലെ യന്ത്രത്തകരാര്‍മൂലം ഓക്‌സിജന്‍ വ്യതിയാനത്തെത്തുടര്‍ന്ന് താരങ്ങളും പരിശീലകരും ബോധരഹിതരായി. പൈലറ്റ് അടിയന്തരമായി വിമാനം നിലനിര്‍ത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആഫ്‌കോണ്‍ കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോകുകയായിരുന്ന ഗാംബിയ ടീം 50 സീറ്റുകളുള്ള ചെറുവിമാനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്.