കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികൾ തേക്കടിയിൽ വാങ്ങിയ ഭൂമി കണ്ടെത്താനുള്ള നടപടികൾ വൈകുന്നു. ബാങ്ക് തട്ടിപ്പിലെ പ്രതി ബിജോയിയുടെയും ബിജു കരീമിന്റെയും നേതൃത്വത്തിൽ തേക്കടിക്ക് സമീപം മുരിക്കടി എന്ന സ്ഥലത്ത് പത്തേക്കറോളം ഭൂമി വാങ്ങി റിസോർട്ട് നിർമാണം തുടങ്ങിയിരുന്നു. പണമില്ലാത്തതിനാൽ നിർമ്മാണം മുടങ്ങി. സ്ഥലം കണ്ടുകെട്ടാനായി തൃശ്ശൂർ വിജിലൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഒരു വർഷത്തിന് ശേഷം ഹൈക്കോടതി നാളെ പരിഗണിക്കും. അതിനിടയിൽ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ പുനർഗേഹത്തിനെതിരെ മത്സ്യത്തൊഴിലാളികൾ. തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മുഴുവൻ മത്സ്യത്തൊഴിലാളികളെയും മാറ്റിപ്പാർപ്പിക്കുന്നതാണ് സർക്കാരിന്റെ പുനർഗേഹം പദ്ധതി. ഇതിനായി ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ നൽകും. എന്നാൽ 10 ലക്ഷം കൊണ്ട് ഒന്നു മാവില്ലെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. നേരത്തെ അവർ വീടുവെക്കാൻ ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ പോലും പത്തു ലക്ഷം രൂപ മതിയാവാത്ത സാഹചര്യമാണ് എന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.
ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി പരിശോധന.രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഗോരേഗാവിലെ ഒരു ഭവന നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയാണ് കേസിനാധാരം. സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്. തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളും എന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു.
ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസ് വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എംപിമാരും കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചില്‍ പങ്കെടുക്കുമെന്നും കോൺഗ്രസ്സ് നേതാക്കൾ അറിയിച്ചു.
കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ ‘രാഷ്ട്രപത്നി’പരാമർശത്തിൽ കോൺഗ്രസിലും പ്രതിപക്ഷത്തും അതൃപ്തി. പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രതിരോധത്തിലായ ഭരണപക്ഷത്തിന് അധിർ രഞ്ജൻ വടി കൊടുക്കുക ആയിരുന്നുവെന്നാണ് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തൽ. അധിർ രഞ്ജൻ ചൗധരിയെ തള്ളിപ്പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.