ഹോട്ടലുകളില്‍ പലതരം ആതിഥേയ രീതികളും വിളമ്പല്‍ അഭ്യാസങ്ങളുമെല്ലാം നാം കണ്ടിട്ടുണ്ട്. എന്നാല്‍ തല്ലിത്തീറ്റിക്കുന്ന രീതി ആരും കണ്ടു കാണില്ല. ചെകിട്ടത്താണ് അടി. എന്നു പറഞ്ഞാല്‍ കവിളില്‍ത്തന്നെ. ജപ്പാനിലെ നഗോയയിലുള്ള ഷാച്ചിഹോക്കോയ എന്ന ഹോട്ടലിലാണ് അടി വിളമ്പുന്നത്. ജപ്പാനിലെ പരമ്പരാഗത വസ്ത്രമായ കിമോണ ധരിച്ച ഒരു സ്ത്രീയാണു കവിളില്‍ പൊട്ടിക്കുക. ഓര്‍ഡര്‍ ചെയ്താലേ അടി കിട്ടൂ. ഒരടിക്ക് 300 യെന്‍. 170 രൂപ. ഹോട്ടലിലെ വനിതാ ബെയറര്‍ പരീക്ഷിച്ചു നോക്കിയ അടി, ഭക്ഷണം കഴിക്കാനെത്തിയവര്ക്കു ഇഷ്ടപ്പെട്ടതോടെയാണ് ചെകിട്ടത്തടി ഹോട്ടലിന്റെ സ്റ്റൈലാക്കാനും മെനുവില്‍ ഉള്പെടത്തി ഫീസ് ചുമത്താനും തീരുമാനിച്ചത്. അതിഥികളുടെ ചെകിട്ടത്തടിക്കാന്‍ കൂടുതല്‍ വനിതകളെ നിയമിക്കുകയും ചെയ്തു. അടി വൈറലായതോടെ ഹോട്ടലിലേക്കു കൂടുതല്‍ പേര് ഭക്ഷണം കഴിക്കാനും അടിയേല്ക്കാനുമായി എത്തി. ഇപ്പോള്‍ വിദേശത്തുനിന്നുപോലും വിനോദസഞ്ചാരികള്‍ ഇവിടേക്കു തല്ലുകൊണ്ടു ഭക്ഷണം കഴിക്കാന്‍ എത്താറുണ്ട്. എക്സ് പ്ളാറ്റ് ഫോമിലെ ബാങ്കോക്ക് ലാഡ് എന്ന അക്കൗണ്ടിലൂടെയാണ് ഈ വിഡിയോ പങ്കുവച്ചത്. വീഡിയോക്കൊപ്പം നല്കിയ കുറിപ്പ് ഇങ്ങനെയാണ്. ”ഇത് നഗോയയിലെ ഷാച്ചിഹോകോയ റസ്റ്റോറന്റാണ്. മെനുകാര്ഡിലുള്ള ‘നഗോയ ലേഡീസ് സ്ലാപ്പ്’ എന്ന ഐറ്റം ഓര്‍ഡര്‍ ചെയ്താല്‍ നിങ്ങള്‍ക്കും കിട്ടും. 300 യെന്‍ നല്കിയാല് മതി.”
അതിഥികളെ ചെകിട്ടത്തടിച്ച് ആനന്ദിപ്പിക്കുന്ന പരിപാടി നമ്മുടെ നാട്ടില്‍ ഇല്ലെങ്കിലും പപ്പടത്തിന്റെ പേരിലും മറ്റും സദ്യക്കു കൂട്ടത്തല്ലു നടത്തുന്ന അഭ്യാസികള്‍ നമുക്കുണ്ട്.
ചെകിട്ടത്തടി, റേറ്റ് 170 രൂപ
