ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജായി ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താമെന്നും കോടതി ഉത്തരവിട്ടു. കൊല്ലം സ്വദേശികളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
നാലു പേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിന്റ ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍ക്കാണെന്നും വിസിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസില്‍ പരാതി. പരിപാടി പോലീസില്‍ അറിയിക്കുന്നതടക്കമുള്ള സുരക്ഷ ഒരുക്കാത്ത വിസിയാണ് ഉത്തരവാദിയെന്ന് സുപ്രീം കോടതിയിലെ അഭിഭാഷകനായ സുഭാഷ് എം കളമശ്ശേരി പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
കുസാറ്റ് ദുരന്തത്തില്‍ മരിച്ച നാലുപേരും നെഞ്ചില്‍ ചവിട്ടേറ്റ് ശ്വാസംമുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതമേറ്റതിനാലാണു ശ്വാസതടസം ഉണ്ടായത്. നാലു പേരുടേയും കഴുത്തിലും നെഞ്ചിലും പരിക്കുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കുസാറ്റ് ദുരന്ത പ്രദേശത്തെ ഗേറ്റ് തുറന്നതോടെ ആളുകള്‍ കൂട്ടത്തോടെ ആംഫി തിയേറ്ററിിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആംഫി തിയേറ്ററിനകത്തു നേരത്തെ കയറി ഒഴിഞ്ഞ സ്ഥലത്തുനിന്ന് ഒരു വിദ്യാര്‍ത്ഥി പകര്‍ത്തിയ വീഡിയോയാണു പ്രചരിക്കുന്നത്.
കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥി സാറ തോമസിന് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. താമരശേരിയിലെ കോരങ്ങാട് അല്‍ഫോന്‍സാ സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്.
അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യത. തെക്കന്‍ തായ്ലന്ഡിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. നാളെ ഇത് തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനം. കൊടുവള്ളിയിലാണ് കരിങ്കൊടി വീശിയത്.
ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് അവാര്‍ഡ് കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനാണ് അവാര്‍ഡ് ലഭിച്ചത്.
റോബിന് ബസിന്റെ നടത്തിപ്പുകാരന് ഗിരീഷിന് ജാമ്യം കോടതി അനുവദിച്ചു. വണ്ടിച്ചെക്കു കേസിലാണ് പൊലീസ് ഗിരീഷിനെ അറസ്റ്റു ചെയ്തത്. 2011 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലവിലുള്ള കേസില്‍ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ബസ് യാത്രക്കിടെ യുവതിയെ ശല്യം ചെയ്ത പോലീസുകാരന് അറസ്റ്റില്‍. കോട്ടയം പെരുവന്താനം പോലീസ് സ്റ്റേഷനിലെ അജാസ്മോന് (35) ആണു പിടിയിലായത്. ശല്യം ചെയ്തതോടെ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വിവരം അറിയച്ചതോടെ വഴിയില്‍ ഭര്‍ത്താവും ഇതേ ബസില്‍ കയറി. പോലീസുകാരന് ശല്യം തുടര്‍ന്നതോടെ കൈയോടെ പിടികൂടുകയായിരുന്നു.
പ്രമുഖ ശിശുരോഗ വിദഗ്ധനും വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം പ്രഫസറുമായ കണ്ടത്തില്‍ ഡോ. കെ.സി. മാമ്മന്‍ കോട്ടയത്ത് അന്തരിച്ചു. 93 വയസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച കഞ്ഞിക്കുഴി പുത്തന്‍പള്ളിയില്‍.
തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയെ മര്‍ദിച്ച കൂട്ടുപ്രതികളെ അറസ്റ്റു ചെയ്തു. കഴക്കൂട്ടം സ്വദേശി ഹരികൃഷ്ണനെ മര്‍ദിച്ച നിഖില്‍ റോബര്‍ട്ടിനെ തട്ടികൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതികളായ ഷഫീഖ് (26), വിമല്‍ (23), അശ്വിന് (25) എന്നിവരാണ് പിടിയിലായത്.
വിവാഹങ്ങള്‍ വിദേശത്തു നടത്താതെ ഇന്ത്യയില്‍തന്നെ നടത്തിയാല്‍പ്പോരേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമ്പത്ത് നഷ്ടപ്പെടാതിരിക്കാന്‍ ിത്തരം ആഘോഷങ്ങള്‍ ഇന്ത്യയില്‍ നടത്തണം. വിവാഹ ഷോപ്പിംഗിന് ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന് കി ബാത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്. വ്യാഴാഴ്ച യുഎഇയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച മടങ്ങും. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ അറബ് നേതാക്കളുമായി ചര്‍ച്ച നടക്കും.
ബീഹാറിലെ മുസഫര്‍പൂറില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചിട്ടു. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഇരുപതുകാരനായ ലാല്‍ ബാബു എന്നയാളെ അറസ്റ്റു ചെയ്തു.