81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്പോര്‍ട്ട് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി വിറ്റെന്ന് റിപ്പോര്‍ട്ടുകള്‍. ഡാര്‍ക്ക് വെബിലൂടെ വില്പനയ്ക്കു വച്ചെന്നാണ് യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡാറ്റാ ബേസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ അന്വേഷണം ഏറ്റെടുത്തു.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. കളമശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തിനാണു കേസ്. കേരളത്തില്‍ ലഹള ഉണ്ടാക്കാനും ഒരു മതവിഭാഗത്തിനെതിരെ സ്പര്‍ദ്ദ ഉണ്ടാക്കാനും ശ്രമിച്ചെന്ന് ആരോപിച്ചു കേസെടുത്തത്. സൈബര്‍ സെല്‍ എസ് ഐ യുടെ പരാതിയിലാണ് കേസ്.
സ്വകാര്യ ബസുകള്‍ പണിമുടക്കി. ജനം വലഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ഡ്രൈവര്‍ അടക്കം മുന്‍ സീറ്റുകളില്‍ സീറ്റ് ബെല്‍റ്റും കാമറയും നിര്ന്ധമാക്കിയുള്ള ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഇന്ന് അര്‍ധരാത്രിവരെ ബസ് സമരം തുടരും.
കളമശേരി സ്ഫോടനത്തില്‍ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുന്ന പോലീസ് അന്വേഷണവും തുടരും. ഇന്നലെ അര്‍ധരാത്രി വരെ നീണ്ട യോഗത്തിലാണ് തീരുമാനം. പ്രതി ഡൊമിനികിന്റെ മൊഴികള്‍ സാധൂകരിക്കുന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ക്കായി ഇയാളുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴി ശേഖരിക്കും. ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഡൊമിനിക് പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
പണമില്ലാതെ വട്ടംതിരിഞ്ഞ് പോലീസ്. അടിയന്തരമായി 28 കോടിയെങ്കിലും കിട്ടിയില്ലെങ്കില്‍ പൊലീസ് വാഹനങ്ങളില്‍ ഇന്ധനമടിക്കാനാവില്ലെന്ന് ഡിജിപി സര്‍ക്കാരിനു കത്തു നല്കി. പണമില്ലാത്തതുമൂലം കേസന്വേഷണത്തേയും കാര്യമായി ബന്ധിച്ചിട്ടുണ്ടെന്നു കത്തില്‍ പറയുന്നു.
കോഴിക്കോട്ടെ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ എന്‍സികെ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. ഗുരുതമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേരളാ പൊലീസ് കേസെടുത്തത് ഇരട്ടനീതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും പൊലീസ് കേസെടുത്തില്ല. തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനാണ് കേസെടുത്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഒരു വ്യക്തിക്ക് സ്വയം ബോംബ് നിര്‍മ്മിച്ച് സ്ഫോടനം നടത്താമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് കേരളം എത്തിയെന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാധാരണക്കാരുടെ ആശങ്കകള്‍ക്കു മുഖ്യമന്ത്രി പറഞ്ഞില്ലെന്നും മുരളീധരന്.
ഹെവി വാഹനങ്ങള്‍ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ നാളെ മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വഴിയില്‍ ബസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് വഴിയരികില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്നു മേയര്‍. മാലിന്യം നിറഞ്ഞ് ഓടകള്‍ അടഞ്ഞ് പോകുന്നത് വെള്ളക്കെട്ടിന് ഇടയാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് നഗരസഭയുടെ നടപടി.
കോഴിക്കോട് വടകര പൊലീസ് സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞ് വീണു മരിച്ച എഴുപത്തൊന്നുകാരന്റെ മൃതദേഹം പൊലീസ് സംസ്കരിക്കാന്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തതിനു പിറകേ, പോസ്റ്റ്മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങി. നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി (71) പരാതി നല്‍കാനായി എത്തിയപ്പോള്‍ വടകര പൊലീസ് സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞ് വീണുമരിച്ചത്.
തിരുവനന്തപുരം പെരുമാതുറയില്‍ വീടുകള്‍ക്കു നേരെ ബോംബേറ്. രണ്ടു യുവാക്കള്‍ക്കു പരിക്ക്. രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണു ബോംബെറിഞ്ഞത്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വീടിന്റെ ജനലുകള്‍ തകര്‍ന്നു.
തന്റെ ഫോണും ഇ- മെയിലും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര എംപി. ഇതുമായി ബന്ധപ്പെട്ട സന്ദേശം ഫോണിലെത്തി. സര്‍ക്കാരിന്റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 146 വരെ സീറ്റ് നേടുമെന്നാണ് സീ ന്യൂസ് സര്‍വേ റിപ്പോര്‍ട്ട്. 84 മുതല്‍ 98 വരെ സീറ്റിലേക്ക് ബിജെപി ചുരുങ്ങുമെന്നും മറ്റുള്ളവര്‍ അഞ്ച് വരെ സീറ്റ് നേടുമെന്നും സര്‍വ്വെ പറയുന്നു.
ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ഭരണഘടന പദവി ദുരുപയോഗം ചെയ്യുന്നെന്നാണു വാദം. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മിസോറാമിനെ മ്യാന്മറുമായി ബന്ധിപ്പിക്കുന്ന 1,132 കോടി രൂപയുടെ റോഡ് നവംബറില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ദക്ഷിണ മിസോറാമിലെ ലോങ്ട്ലായ് ജില്ലയെ മ്യാന്മറിലെ സിറ്റ്വെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കലദന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് പദ്ധതിയുടെ ഭാഗമായ അതിര്‍ത്തി കടന്നുള്ള റോഡാണിത്.
മുകേഷ് അംബാനിക്കു വീണ്ടും വധഭീഷണി. 400 കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി ഇ-മെയില്‍ സന്ദേശം ലഭിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മോഷണശ്രമത്തിനിടെ ബിടെക് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതി ജിതേന്ദ്രയാണ് കൊല്ലപ്പെട്ടത്. ഒട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഫോണ്‍ മോഷണത്തിനിടെ പ്രതി വലിച്ച് പുറത്തേക്ക് ഇടുകയായിരുന്നു. 12 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
ഗാസയില്‍ വെടിനിര്‍ത്തല്‍ ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. തിന്മകളെ പരാജയപ്പെടുത്താന്‍ യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു പറഞ്ഞു.